ആളൊഴിഞ്ഞ ബസ്സിൽ,

നീലിച്ച കറുപ്പ് നിറഞ്ഞ ആകാശത്തിന്റെ ചുവട്ടിലൂടെ
വീതികുറഞ്ഞ നിരത്തിൽ ബസ്സിനകത്തേക്ക് ചാഞ്ഞ് നില്ക്കുന്ന ചെടികളും പടർപ്പുകളും തൊട്ട് തൊട്ടുള്ള യാത്ര എനിക്ക് ഇഷ്ടമാണ്‌.

ഒരു ലക്ഷണമൊത്ത ആനയെ എഴുന്നള്ളിച്ചു നിർത്തുന്നതുപോലെ ഏകാന്തത അന്നേങ്ങളിൽ എന്റെ ഉള്ളിൽ തലയുയർത്തും. പിന്നീട് എന്റെയുള്ളിൽ എന്റെ മാത്രമായ ഉത്സവക്കൊടിയേറ്റമാണ്‌.

ഞാൻ അധികം യാത്രകൾ ചെയ്യാത്ത ഒരാളാണ്‌. എനിയ്ക്ക് ഇഷ്ടവും അല്ല അത്. യാത്രകളും വാഹനങ്ങളും അതിന്റെ സമയവും ഗതിവേഗങ്ങളും എനിയ്ക്ക് ബാധ്യതയായ് തോന്നുകയാണ്‌ പതിവ്. ആളുകൾ അലഞ്ഞു തിരിയുന്നത് എന്തിനാണെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്.

ഒരേ നഗരത്തിൽ ഒരേയിടത്ത് അങ്ങേയറ്റം സ്വസ്ഥമാണ്‌ എന്റെ മനസ്സ്.
അവിടേയ്ക്ക് ആളുകൾ വന്നു ചേരുന്നു. ഞാനവർക്ക് സുഹൃത്താകുന്നു- ഹൃദയം തുറന്നുവെച്ച കേൾവിക്കാരിയാകുന്നു.

അല്ലെങ്കിലും ലോകത്ത് സംസാരിക്കുന്നവർക്കല്ല; കേട്ടിരിയ്ക്കാൻ സന്നദ്ധതയുള്ളവർക്കാണ്‌ ക്ഷാമം. ആളുകൾ തിരക്കു പിടിച്ച് ഓടിപ്പോകുന്നു, പലയിടത്തേക്കുമായ്.

'കാത്തിരിക്കുന്നവളാകുക;
ആർക്കും കാത്തിരിക്കാനുള്ള കാരണമാകാതിരിക്കുക.
കേൾവിക്കാരിയാകുക.
ഒരിടത്തേക്കും തിരക്കു പിടിച്ച് ഓടിപ്പോകാനില്ലാതെ, അനന്തമായ സമയത്തിന്റെ അവകാശിയാവുക.'
എന്റെ ഇഷ്ടങ്ങൾ.

എന്നിലേക്ക് വന്നുചേരുന്ന സൗഹൃദങ്ങളും അങ്ങനെയാണ്‌. അവർക്ക് ഞാൻ അവരെ പ്രതിഫലിപ്പിക്കുന്ന ഒരിടമാണ്‌. ഒരുപാട് ശബ്ദങ്ങൾക്കിടയിൽ നിന്ന് അവരാഗ്രഹിക്കുന്ന സ്വരമായ് മാറാൻ ഞാൻ നിരന്തരം എന്നെ പരിശീലിപ്പിക്കുന്നു.

എവിടെയെങ്കിലുമായ് സ്വീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്‌ മിക്കപേരും. സ്നേഹത്തിന്റെ വിഭിന്നമായ അന്വേഷണങ്ങളെ കുറിച്ച് ബോധ്യമുള്ള ഒരാൾക്ക് അയാളിലേക്കു വന്നുചേരുന്ന എല്ലാറ്റിനേയും സ്നേഹമായ് സ്വീകരിക്കാൻ കഴിയുന്നു. അങ്ങനെ പറയാറില്ലേ?
'പലജീവനുകളിൽ പകുത്തുകിടക്കുകയാണ്‌ ജീവിതം. '

ഞാൻ വിശ്വസിക്കുന്നത് അങ്ങനെ ആണ്‌.
ഒരാളെ മാത്രം ആശ്രയിച്ചുള്ള ഒന്നല്ല അത്. അനങ്ങനെ ആകരുത് അത്.

' നമുക്ക് ചുറ്റിലും അനേകായിരം സ്നേഹ സാന്നിധ്യങ്ങളും സാമീപ്യങ്ങളുമുണ്ട്;
അത് നമ്മിലേക്ക് വന്നു ചേരുന്നതാണ്‌.
എവിടേയ്ക്കും ഓടിപ്പോകാനില്ലാതെ നാം അതെല്ലാം സ്വീകരിയ്ക്കുന്നു, അതിന്റെ എല്ലാം ഭാഗമാകുന്നു. അത്രമേൽ അപൂർണ്ണരാണ്‌ നമ്മൾ. പൂർണ്ണതയിലേക്ക് യാത്ര തുടങ്ങുന്ന ഒരുവനിലേക്ക് അനുഭവങ്ങൾ നിറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അതിശയിപ്പിക്കുന്ന കൂട്ടിച്ചേർക്കലുകൾ!നാം കാത്തിരിക്കുന്ന സ്നേഹം,
നമ്മിലേക്ക് കടന്നുവരുന്ന സ്നേഹം- വിഭിന്നമാണ്‌ അവയോരോന്നും.

ഒരോ സൗഹൃദങ്ങളിലും ഒരോ വർത്തമാനങ്ങളിലും ഞാനത് അനുഭവിച്ചറിയാറുണ്ട്.
പലമനുഷ്യരായ് ഞാൻ അവിടെയെല്ലാം മാറിപ്പോകുന്നു. പലമനുഷ്യരായ് മാറിപ്പോകുന്നതാവില്ല. ഉള്ളിൽ ഒരുപാട് മനുഷ്യരുണ്ടായിരുന്നിരിക്കണം. ഒരാളോടൊപ്പമുള്ള വർത്തമാനങ്ങളിൽ അയാൾക്ക് അങ്ങേയറ്റം അനിയോജ്യനായ ഒരാൾ എന്റെ ഉള്ളിൽ ജീവൻ വയ്ക്കുന്നു. എന്റെ ശബ്ദവും കേൾവിയും അയാൾക്ക്  വേണ്ടിയുള്ളതാകുന്നു.

 " ഓരോരുത്തരും കരുതും അവരെത്രയോ കാലമായ് കാത്തിരിക്കുന്ന ഒരാളാണ്‌ നീ എന്ന്. അത്രയുമേറെ അവരെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ. ഒരോ ആളും മറ്റൊരാളിൽ അന്വേഷിക്കുന്നത് അതാണ്‌. അയാളെ പ്രതിഫലിപ്പിക്കാൻ ഒരിടം."

" എന്നിലേക്കെത്തുന്നവർക്കെല്ലാം ഞാനങ്ങനെ തന്നെയാണ്‌."

" അങ്ങനെ ആയിരിക്കുമ്പോൾ, അവർ നിന്റെ സാമീപ്യം, നിന്റെ കരുതൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കും കൂടി extend ചെയ്യാൻ ആഗ്രഹിക്കും. അങ്ങനെ ഒരിടത്തെത്തുമ്പോൾ പക്ഷേ അവരിൽ നിന്ന് അതിവിദഗ്ദമായ് നീ അപ്രത്യക്ഷയാകും- എങ്ങോട്ടെന്നില്ലാതെ മാഞ്ഞു പോകും.അതല്ലേ നിന്റെ പതിവ്‌ !"

" ശരിയായിരിക്കാം."
ഞാൻ പറഞ്ഞു:
" പക്ഷേ, എവിടേയ്ക്കും ഞാൻ ഓടിപ്പോകുന്നില്ല. അവരെന്നിലേക്ക് നീട്ടിവയ്ക്കുന്ന  ചില ആവശ്യങ്ങളെ അവഗണിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്. അത് ചിലർക്ക് അവരെ അവഗണിയ്ക്കുന്നതിന്‌ തുല്യമായ് തോന്നുന്നു. അവരെന്നിൽ നിന്ന് അപ്രത്യക്ഷരാകുന്നു. എപ്പോൾ വേണമെങ്കിലും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും ഒരുക്കമാണ്‌ ഞാൻ..പക്ഷേ എന്റെയുള്ളിലെന്നും ഞാൻ ഞാൻ തന്നെയായിരിക്കും; തികഞ്ഞ സംതൃപ്തിയോടെ. എനിയ്ക്ക് സ്നേഹം സ്വന്തമാക്കലല്ല; സ്വതന്ത്രമാക്കലാണ്‌."

"ഒരോ സ്നേഹബന്ധങ്ങളും ദൃഢമാകുന്നുവോ എന്ന തോന്നലുണ്ടാകുമ്പോൾ, ‘ ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരാൻ സാധ്യതയുള്ള അസാന്നിധ്യം, അപ്രതീക്ഷിതമായ പിൻവാങ്ങലുകൾ കൂടി പ്രതീക്ഷിയ്ക്കുക 'എന്ന് ഒരോ കൂട്ടുകാരുടേയും മുന്നിലൊരു ബോർഡ് കൂടി വച്ചേക്കണം നീ  എന്നാലേ മുറിവേല്ക്കുന്നവരുടെ എണ്ണം കുറയൂ! "
No comments:

Post a Comment