അന്ന് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സരസ്വതിയുടെ കൂടെ ഷെറിനും ഉണ്ടായിരുന്നു.
“ ഇന്ന് ഷെറിൻ ചേച്ചി നമ്മുടെ കൂടെ നില്ക്കാൻ പോവ്വാ അമ്മേ ”
എന്ന് അവൾ അപർണ്ണയോട് പറഞ്ഞു.

“ സെലിനേം കൂട്ടായിരുന്നില്ലേ? ”
എന്ന് ചോദിച്ചു അപർണ്ണ.
വീട്ടിൽ കുട്ടികൾ ഉണ്ടായിരിക്കുന്നതിനേക്കാൾ വലിയ സന്തോഷം അവൾക്ക് വേറെയില്ല. 

അന്ന് രാത്രി ഭക്ഷണം കഴിഞ്ഞ്, ആനന്ദിന്റെ ക്രിക്കറ്റ് കാഴ്ചകൾക്ക് (പാതി)കൂട്ടിരുന്ന് കുട്ടികളുടെ പരീക്ഷപേപ്പർ നോക്കുകയായിരുന്ന അപർണ്ണയുടെ അടുത്തേക്ക് ഷെറിൻ വന്നു:
“ അപ്പു ആന്റീ എനിക്കൊരു ഹെല്പ് വേണം. ദലീമ ദീദിയെ കാണാൻ എന്റെയൊപ്പം അപ്പു ആന്റി വരണം.”

'കുഴപ്പത്തിലായല്ലോ കാര്യങ്ങൾ ' എന്ന് അപർണ്ണ ആനന്ദിനെ നോക്കി.
താനീ ലോകത്തിന്റെ ഭാഗമേ അല്ലെന്നുറപ്പിയ്ക്കുന്ന ഭാവമായിരുന്നു അവന്‌.
ചിലനേരങ്ങളിൽ അടുത്തുണ്ടായിരുന്നാലും ചിലരുടെ അസാന്നിധ്യം നമ്മളനുഭവിയ്ക്കും- ' എനിയ്ക്ക് വേണ്ടി നീ ഇതായിരുന്നില്ല ചെയ്യേണ്ടിയിരുന്നത് ' എന്ന് തോന്നിക്കൊണ്ടേയിരിക്കും.
അപർണ്ണ അവനോട് മനസ്സിൽ കലഹിക്കുകയായിരുന്നു.

മനസ്സിന്‌ മാത്രം കേൾക്കാൻ കഴിയുന്ന കലഹങ്ങളും പ്രതിഷേധങ്ങളും അപർണ്ണയ്ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.
‘നീ അതിന്റെ സ്പെഷലിസ്റ്റല്ലേ ’ എന്ന് രേവതി എപ്പോഴും പറയും.

ഷെറിനോട് ഒരു മറുപടി പറയുന്നതിന്‌ മുൻപ് കഥകളത്രയും ഓർത്തെടുത്തു അപർണ്ണ.


ആനന്ദിനൊപ്പം അയാൾ ജോലിചെയ്യുന്ന നഗരത്തിലേക്ക് വന്ന്, ആദ്യം അവൾ കാണാൻ പോയത് ഡാനിയലിനേയും ദലീമയേയും ആണ്‌. ഒരു അബോർഷൻ കഴിഞ്ഞ് ബെഡ് റെസ്റ്റിലായിരുന്നു ദലീമ. അപർണ്ണയ്ക്കന്ന് എല്ലാത്തിനെ കുറിച്ചും ഉത്കണ്ഠയായിരുന്നു. എല്ലാറ്റിനെ കുറിച്ചും അവിശ്വാസം. കുഞ്ഞുങ്ങളെ കുറിച്ചായിരുന്ന അന്നത്തെ സ്വപ്നങ്ങൾ മുഴുവനും. ദലീമയുടെ അബോർഷൻ അവളെ അസ്വസ്ഥപ്പെടുത്തി. മിക്ക രാത്രികളിലും അതാലോചിച്ച് അവൾ ഉറങ്ങാതെ ഇരുന്നു. അങ്ങനെയൊരു രാത്രിയിലാണ്‌ ആനന്ദ് അവളോട് ദലീമയുടേയും ഡാനിയലിന്റേയും വിശേഷങ്ങൾ പറഞ്ഞത്.

“ ജാൻസിയാണ്‌ ഡാനിയുടെ ഭാര്യ. ഷെറിനും സെലിനും അവരുടെ മക്കൾ. ഡാനിക്കും ജാൻസിക്കും  ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. പക്ഷേ ഡൈവോഴ്സ് അല്ല. ഡാനി കൂടുതൽ കംഫർട്ടബിൾ ആയിട്ടുള്ളത് ദലീമയുടെ കൂടെയാണ്‌.അതുകൊണ്ട് അവരൊരുമിച്ച് ജീവിയ്ക്കുന്നു.”


“എങ്കിലും ഡാനിയ്ക്ക് ദലീമയിൽ അയാളുടെ കുട്ടികൾ ഉണ്ടാകരുത് എന്നാണ്‌. അതുകൊണ്ടാണ്‌ ഈ അബോർഷനും കാര്യങ്ങളും ഒക്കെ. അതിന്റെ കാരണവും അവൻ തന്നെയാണ്‌. ദലീമയ്ക്ക് അറിയില്ല. അങ്ങനെയൊക്കെ അവൻ ചെയ്യുമെന്ന് അവൾ സംശയിക്കുന്നു പോലുമില്ല. അവൾ ഇപ്പോഴും ഡാനിയിൽ അവൾക്കുണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്നു...” 
ആനന്ദ് തുടർന്നു:
“  ഇനിയിപ്പൊ ഇങ്ങനെ സംഭവിച്ചതിന്റെ കാരണം എന്താണ്‌? ഇനിയെന്ത് സംഭവിയ്ക്കും? ഇനി അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും? ഇനി അങ്ങനെ ചെയ്താൽ പിന്നെ എന്ത് സംഭവിയ്ക്കും? അതൊന്നും ആലോചിച്ചുണ്ടാക്കേണ്ട നീ!  ഇത് ഇവിടെ കഴിഞ്ഞു. ” 


ദലീമ ഒരിയ്ക്കലും ഡാനിയുടേയും കുട്ടികളുടേയും ജാൻസിയുടെയും ഇടയിലേക്ക് വരരുതായിരുന്നു എന്ന് അപർണ്ണ ഉറച്ച് വിശ്വസിച്ചു .
അവരായിരുന്നു അതിന്‌ കരുതലോടെ ഇരിക്കേണ്ടത് എന്ന്.
എന്നിട്ടും സരസ്വതി ചെറിയ കുട്ടി ആയിരുന്നപ്പോൾ ‘ അവൾ ദലീമയ്ക്ക് ഒരാശ്വാസമായിരിക്കും ’ എന്ന് ആനന്ദ് പറയാറുള്ളതുകൊണ്ട് മാത്രം അവളെ അവരുടെ ഒപ്പം കളിക്കാനായ് വിട്ടു. അപ്പോഴും അപർണ്ണയുടെ മനസ്സ് ദലീമയോട് ക്ഷമിച്ചതേയില്ല. ഡാനി സരസ്വതിയെ കളിപ്പിക്കുമ്പോഴൊക്ക,
‘വീട്ടിലേക്ക് ചെല്ലരുതോ അവിടെ രണ്ട് ചെറിയ കുട്ടികളില്ലേ? ’ എന്ന് അപർണ്ണ മനസ്സിൽ അയാളോട് കയർത്തു. 

പിന്നീട് പുതിയ വീട്, കോളേജിലെ ജോലി, സരസ്വതിയുടെ സ്കൂൾ അതിനൊക്കെ വേണ്ടി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നപ്പോൾ ആശ്വാസമായിരുന്നു അപർണ്ണയ്ക്ക്. ഇനി അവളെ ദലീമയോടോപ്പം കളിക്കാനയക്കേണ്ടല്ലോ എന്ന്.

പുതിയ നഗരത്തിലെ സ്കൂളിൽ സരസ്വതിയുടെ ഒപ്പം  ഷെറിനുണ്ടായിരുന്നു. കാര്യങ്ങൾ ശ്രദ്ധിക്കാൻ ആനന്ദ് ഉണ്ടാകുമല്ലോ എന്ന് കരുതി ഡാനി തന്നെ ചെയ്തതായിരുന്നു അത്.
അപർണ്ണയ്ക്ക് അതിൽ സന്തോഷവും ആയിരുന്നു. സരസ്വതിയും ഷെറിനും സെലിനും തന്റെ മൂന്ന് പെണ്മക്കൾ എന്ന് അപർണ്ണ കരുതി.

“ നീ ഇനി  ഡാനിയുടേയും ദലീമയുടേയും കാര്യം അവരോട് പറയാൻ നില്ക്കേണ്ട.”   ആനന്ദ് അപർണ്ണയെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു.
‘ പുറത്തെവിടെയോ ജോലിയാണ്‌ പപ്പയ്ക്ക് ’ എന്നാണ്‌ ജാൻസിയും കുട്ടികളും വിശ്വസിച്ചത്. ‘
 അത്രയും ജോലിത്തിരക്കാണല്ലോ അവരുടെ പപ്പയ്ക്ക് ’ എന്ന് അപർണ്ണയും നന്നായ് അഭിനയിച്ചു.‘നമ്മൾ നമ്മുടെ ജീവിതത്തിൽ സന്തുഷ്ടരായ് തുടരാൻ തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ നമ്മിലേക്ക് വന്നുചേരുന്ന സ്നേഹത്തിന്റെ intensity  യെ കുറിച്ച് ഒരുപാട് വ്യാകുലപ്പെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.’
ജാൻസി ഒരിയ്ക്കൽ സംസാരത്തിനിടെ പറഞ്ഞത് അപർണ്ണ അപ്പോൾ ഓർത്തു. ദലീമയെ കുറിച്ച് അറിഞ്ഞതായ് പോലും അവരൊരിയ്ക്കലും നടിച്ചില്ല.
‘ ചില ഭർത്താക്കന്മാർ ഭാര്യമാരെ അവരുടെ ആദ്യത്തെ മകളായ് താലോലിയ്ക്കും. ആ മകളിൽ നിന്ന് ഒരമ്മയുടെ കരുതലും സ്നേഹവും ആഗ്രഹിയ്ക്കും. ഒന്നിച്ചു കിടന്നുറങ്ങുന്ന നേരങ്ങളിൽ ഒരു ശരീരം മാത്രമായ് മാറും. അല്ലാത്തപ്പോഴൊക്കെ നിശബ്ദയും അരൂപിയുമായ ഒരു കാത്തിരിപ്പുകാരി.’
ജാൻസി അങ്ങനേയും ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്. 
അവൾ എന്തിനേയെങ്കിലും കുറിച്ച് ഖേദിക്കുകയായിരുന്നോ എന്ന് അപർണ്ണയ്ക്കന്ന് മനസ്സിലായില്ല. 
ചിലപ്പോൾ തോന്നും അവൾ അങ്ങേയറ്റം സന്തുഷ്ടയാണെന്ന്. ഉപേക്ഷിക്കാനും സ്വീകരിയ്ക്കാനും അവൾക്ക് ഒന്നുമില്ലെന്ന്.


“മമ്മയുടെ ഒട്ടും expressive അല്ലാത്ത ഈ stand ആണ്‌ എല്ലാറ്റിനും കാരണം” ഷെറിൻ ജാൻസിയോട് നിരന്തരം കലഹിച്ചു:
“സ്നേഹം തോന്നുമ്പോ അത് പറയണം. സങ്കടം വരുമ്പോ അത് കാണിക്കണം..നമുക്ക് ഉള്ളിൽ തോന്നുന്നതെന്താണെന്ന് ചുറ്റിലും ഉള്ളവരറിയണം.... ഞാൻ പപ്പയോടൊപ്പം താമസിക്കാൻ പോകുന്നു. മനുഷ്യന്മാർ തമ്മിലുള്ള സ്നേഹം എന്താണെന്ന്‌ എനിക്ക് അവിടെ നിന്നറിയണം.”
ഷെറിൻ തീരുമാനിച്ചുറപ്പിയ്ക്കുകയായിരുന്നു.

“ ഇത്രയും വർഷങ്ങളായ് പപ്പയ്ക്ക്  നമ്മുടെ അടുക്കലേക്ക്  തിരിച്ചു വരാൻ തോന്നിക്കാതിരിക്കണമെങ്കിൽ അത്രയും സ്നേഹം അവർ പപ്പയ്ക്ക് കൊടുത്തിട്ടുണ്ടാവില്ലേ? നമുക്ക് പപ്പയെ ഞങ്ങളിൽ പിടിച്ചു നിർത്താൻ കഴിഞ്ഞില്ലല്ലോ..മമ്മയുടെ തോൽവി അല്ലേ അത്? ഞങ്ങളെയും മമ്മ അതല്ലേ ശീലിപ്പിക്കുന്നത്- തോൽക്കാൻ; വിട്ടുകൊടുക്കാൻ! ”

ഷെറിൻ  ക്ഷോഭിച്ചു.

“എനിയ്ക്ക് സ്നേഹം ഒരു തീരുമാനത്തിന്റെ തുടർച്ചയാണ്‌. അതങ്ങനെ തരം പോലെ മാറിക്കൊണ്ടിരിക്കില്ല. പകുതിയ്ക്ക് വച്ചുള്ള ഇറങ്ങിപ്പോകലോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറിമാറിയുള്ള പരീക്ഷണമോ അല്ല അത്.” 


ജാൻസി ഷെറിനോട് പറഞ്ഞു: 

“ അതിനെക്കുറിച്ച് ചുറ്റിലും വിളിച്ചു കൂവേണ്ടതിന്റെ ആവശ്യം എനിക്കില്ല. നിനക്കത് എന്റെ ഭീരുത്വമായ് തോന്നും. പക്ഷേ ഒരു പോരാളിയായ് എനിക്കാരേയും കീഴ്പ്പെടുത്തേണ്ട. ഞാനെന്റെ സഹനങ്ങളെ glorify ചെയ്യുന്നതല്ല; ഇതൊക്കെ എന്റെ സഹനങ്ങളാണെന്നു പോലും തോന്നാത്തവണ്ണം എന്നിൽ satisfied  ആണ്‌ ഞാൻ. അത്രമേൽ contented. ” 

‘ ഒരോരുത്തർക്കും തന്നിൽ നിന്ന് അകന്നു പോകാൻ ഒരോ കാരണങ്ങൾ! ’ ജാൻസി അന്നേരങ്ങളിൽ മനസ്സിൽ കരുതി.
ചിലരിലേക്ക് സ്നേഹം കടന്നുവരിക അങ്ങനെയാണ്, തോല്പിക്കാൻ മടി കാണിക്കാതെ.
പ്രണയം ഒരു അനുഭവവും തോല് വിയുമാണ്!
നിന്റെ മുന്നില്‍ 
നിനക്കു വേണ്ടി
നിനക്കു മാത്രമായ്
നിരുപാധികം തോല്‍ക്കുന്നെന്ന്
പ്രണയവും ഞാനും അനുഭവങ്ങളും
ജയിച്ചുകൊണ്ട് അടയാളപ്പെടുത്തുന്നു !

‘ നമ്മൾ ശത്രുക്കളെപ്പോലെ പിരിയില്ല.’ ഡാനിയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ജാൻസി മനസ്സിൽ കരുതും:
‘ പൊടുന്നനെ ഒരു ദിവസം നമ്മൾ അപരിചിതരാകും. ഭൂമിയിലെ ഒരാളുടെ സാന്നിധ്യം മറ്റൊരാൾക്ക് അപ്രസക്തമാകുന്ന അത്രയും അപരിചിതരാകും. പിന്നീട് നമുക്കിടയിൽ വെറുപ്പുണ്ടാകില്ല; സ്നേഹവും. പരസ്പരം അറിയാതെ ജീവിതം തുടരുന്ന കോടാനുകോടി പ്രാണികളിൽ രണ്ടുപേർ ആയി മാറിപ്പോകും നമ്മൾ.’

എങ്ങനെയാണ്‌ ഒരാൾക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വെച്ച് പെട്ടന്ന് ഇറങ്ങി പോകാൻ പറ്റുക. അതുവരെയുള്ള ജീവിതത്തിലേക്കെത്തിച്ച തീരുമാനങ്ങളെല്ലാം തെറ്റായ് പോയെന്ന് തോന്നുക. ആ തീരുമാനത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ചേർത്തുവച്ചതിനെയെല്ലാം വലിച്ചെറിയാൻ തോന്നുക. 
അറിയില്ല!

“ മമ്മ എല്ലാവരുടേയും ജീവിതത്തിൽ നിന്ന് മമ്മയ്ക്ക് ആവശ്യമുള്ള നുണകൾ തിരഞ്ഞെടുക്കും- എന്നിട്ട്  മമ്മയുടെ ഭീരുത്വത്തെ glorify ചെയ്യും...കാലങ്ങളായ് ചെയ്ത് ശീലിച്ചിരിക്കുന്നത് അതല്ലേ? പിന്നെ സെലിൻ- വലിയ കുട്ടിയാകുമ്പോൾ അവൾക്ക് അവളുടേതായ് തീരുമാനങ്ങളുണ്ടാകും. എനിക്ക് ദലീമദീദിയുടെ അടുത്തേയ്ക്ക് പോകണം.”  ഷെറിൻ അപർണ്ണയോട് പറഞ്ഞു. 


വളരെ കരുതലോടെയാണ്‌ ഷെറിനോടൊപ്പം അപർണ്ണ ദലീമയുടെ വീട്ടിലെത്തിയത്.
കുറേക്കാലം അവരെ വെറുത്തതിന്‌ അപർണ്ണ മനസ്സിൽ അവരോട് മാപ്പ് പറഞ്ഞു.‘ തന്നെ അന്വേഷിച്ചെത്തിയ സ്നേഹത്തെ പല കാരണങ്ങൾ പറഞ്ഞ് ഉപേക്ഷിക്കാതിരുന്നതിന്‌ ആദരവ് മാത്രം നിങ്ങളോടെന്ന് ’ മനസ്സിൽ ആവർത്തിച്ചു.

“ ഇവൾ?സരസ്വതി അല്ല. സരസ്വതിയും സെലിനും ഇത്ര വലിയ കുട്ടികളല്ല; അല്ലേ? ”
ദലീമ ചോദിച്ചു.
“ ഇതപ്പോൾ എന്റെ ഷെറിനാണ്.‌” എന്ന് അവർ അവളെ ചേർത്ത് പിടിച്ചു.

ഇത് ഒരു പുതിയ ജീവിതത്തിന്റെ ആരംഭമായിരിക്കുമോ എന്ന് അപർണ്ണ മനസ്സിലോർത്തു. സ്നേഹം അതിന്റെ സാന്നിധ്യം അറിയിക്കാൻ നിരന്തരം കാഴ്ചകളൊരുക്കി കാത്തിരിപ്പുണ്ടെന്ന് അവൾക്കറിയാം. അത് ആര്‌, എങ്ങനെയൊക്കെ സ്വീകരിക്കുമെന്ന് പ്രവചിക്കാനാവില്ല. ആരോക്കെ ഒത്തുചേരുമെന്നും ആരോക്കെ പിരിഞ്ഞു പോകുമെന്നും പറയാനാവില്ല.

No comments:

Post a Comment