" പത്തുവർഷങ്ങൾക്ക് മുൻപ് നിരന്തരമായ്, ഒരേ ചിന്ത എന്റെ മനസ്സിലേക്ക് വന്നുകൊണ്ടേ ഇരുന്നു; ദൈർഘ്യമേറിയ ഇടവേളകളില്ലാതെ, പലയാവർത്തി. മുൻപൊക്കെ എനിയ്ക്ക് മിടുക്കനായൊരു മന:ശാസ്ത്രജ്ഞനെപ്പോലെ ഒരു സുഹൃത്തിന്റെ അടുത്തിരുന്ന് സംസാരിച്ച് സംസാരിച്ച് എന്നെ കെട്ടുപിണഞ്ഞ് കിടക്കുന്ന ചിന്തകളിൽ നിന്ന് മുക്തയാക്കണം എന്നുണ്ടായിരുന്നു. അത്രമേൽ വൈരുദ്ധ്യങ്ങളായിരുന്നു ആ ചിന്തകളത്രയും. എന്റെ ശീലങ്ങളോട് , എന്റെ അതുവരെയുള്ള ധാരണകളോട് കടുത്ത യുദ്ധം പ്രഖ്യാപിച്ചവ. എന്നിലത് സങ്കീർണ്ണതകളാണോ ആശയക്കുഴപ്പങ്ങളാണോ സൃഷ്ടിച്ചതെന്ന് പറയാൻ വയ്യ. മിടുക്കനായ ആ സുഹൃത്ത് ഒരിയ്ക്കലും വന്നു ചേരാത്തതുകൊണ്ടാണോ എന്നറിയില്ല , ചിന്തകളിന്മേലുള്ള ആത്മഭാഷണമായിരുന്നു പിന്നീട് എന്നിൽ കൂടുതലും. പതിയെ പതിയെ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നതെന്താണെന്ന്, സംസാരിയ്ക്കാൻ ആഗ്രഹിക്കുന്നതെന്താണെന്ന് എനിയ്ക്ക് വ്യക്തമായ് തുടങ്ങി.
നമ്മുടെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. അത് പറഞ്ഞുതരാൻ ഒരാൾ വരണമെന്നു കരുതി കാത്തിരികുന്നതിലാണ്‌ സമയനഷ്ടം.

കാലാകാലങ്ങളായ് ആളുകൾ പരിശീലിച്ചു പോന്ന, പ്രതീക്ഷിച്ചു കൊണ്ടിരുന്ന ജീവിതങ്ങൾ മാറേണ്ടിയിരിക്കുന്നു. ഒരോരുത്തർക്കും അവനവനോട് തന്നെ പറയാനുള്ള സ്വകാര്യമാണത്. അതിനെക്കുറിച്ചറിയണമെന്നാഗ്രഹിക്കുന്ന കാഴ്ചക്കാരന്‌  സൂചകമായ് ചില വാചകങ്ങൾ എഴുതി വയ്ക്കാം എന്ന് മാത്രം. അല്ലെങ്കിലും അതിസങ്കീർണ്ണമായ big data-യാണ്‌ എല്ലാവരുടേയും മനസ്സ്. അത്രയധികം attributes! അത്രയധികം dimensions ! അത്രയധികം കാലങ്ങളിൽ തലമുറകളായ് വ്യാപിച്ച് കിടക്കുന്ന ഒന്ന്. എല്ലാവരിലും ഉണ്ടാകും ഒരു ഈവും ആദമും പരാശരനും സത്യവതിയും സീസറും ചെങ്കിസ്ഖാനും അടയാളപ്പെടുത്തപ്പെടാത്ത ഏതൊക്കെയോ ആക്രണമങ്ങളും കീഴടങ്ങലുകളും സ്നേഹസാന്നിധ്യങ്ങളും. എല്ലാവരിലുമുണ്ടാകും കരുണയും കാമവും ധാർഷ്ട്യവും അനുകമ്പയും; മറ്റ് എല്ലാഗുണങ്ങളും. തലമുറകളിലൂടെ ക്രമീകരിയ്ക്കപ്പെടുന്ന brain cells, ആ നാഡീകോശങ്ങൾ കടന്നുപോകുന്ന പരിശീലനങ്ങൾ, അവയിലേക്കെത്തുന്ന impulses- അവ നിശ്ചയിക്കും ഏതെല്ലാം വേരുകളെ ഒളിപ്പിച്ച് വയ്ക്കണമെന്നും ഏതെല്ലാം ഇലകളെ തുറന്ന് കാട്ടണമെന്നും. അതിനനിയോജ്യമായ ചില അലിഖിത നിയമങ്ങളെ യഥാക്രമം നമ്മൾ സ്വീകരിയ്ക്കുന്നു എന്ന് മാത്രം. സൂത്രശാലിയായ ഒരു അപരിചിതനെപ്പോലെ മനസ്സ്  നമ്മെ നിരന്തരം അളക്കും. ചില നിയന്ത്രണങ്ങളെക്കുറിച്ച്, ചില വിശ്വാസങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് നമ്മിലെ ഭീരുത്വം എത്രയാണെന്ന്; നമ്മിലെ passion ,നമ്മിലെ curiosity എത്രയാണെന്ന്; കൃത്യമായ് നമുക്ക് ചുറ്റിലുമുള്ളതിനെയെല്ലാം അതിനനുസരിച്ച് ക്രമപ്പെടുത്താൻ

" There is nothing like winners and losers. There are only two kinds of people- the fighters and losers". അങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടുപോയിരിക്കുന്നു നമ്മുടെ ലോകം. പോരാളിയാകാൻ സന്നദ്ധമാകാത്തതുകൊണ്ട് മാത്രം തോറ്റുപോയവരെ പ്രതിനിധീകരിക്കുകയായിരുന്നു ഞാനതുവരെ. അതൊക്കേയും വ്യക്തമായിട്ടും, ജീവിതത്തിന്റെ ഒരു comfortable zone-നിൽ എത്തിയിട്ടില്ല ഞാനെന്ന് ഓർത്ത് എന്റെ യവ്വൗനത്തിന്റെ പാതിയും കടന്നുപോയ്. എന്റെ കൗമാരക്കാരിയായിരുന്ന മകൾ എഴുതിയ ഒരു പേജിലും തൃപ്തിവരാതെ പുസ്തകങ്ങളുടെ പേജുകൾ കീറിയെടുത്ത് കളയുന്ന ശീലക്കാരി ആയിരുന്നു. അവളെ കണ്ട്കൊണ്ടിരിയ്ക്കുമ്പോൾ അത് എന്റെ തന്നെ ശീലങ്ങളുടെ പ്രതിഫലനമായ് എനിയ്ക്ക് അനുഭവപ്പെട്ടു. ഒരിയ്ക്കലും സന്തുഷ്ടയാവാൻ കഴിയാതെ ഓർമ്മകളെ കീറിക്കളഞ്ഞ് ജീവിതം വൃത്തിയാക്കി വയ്ക്കാൻ വിഫലശ്രമം നടത്തുന്ന ഒരുവൾ. അങ്ങനെ അല്ല വേണ്ടതെന്ന് പിന്നീടുറപ്പിച്ചു ഞാൻ. കീറിക്കളഞ്ഞ പേജുകൾക്കൊപ്പം ദുർബലമായ് പോകുന്ന പുസ്തകമായ് മാറിപ്പോകാതെ ഇഷ്ടമുള്ളതോരോന്നും എഴുതിച്ചേർത്ത് പ്രിയപ്പെട്ടതാക്കി ഹൃദയത്തോട് സൂക്ഷിച്ച് വയ്ക്കാനുള്ളതാണ്‌ ജീവിതം എന്ന് തോന്നി.
ചൂരൽ വടിയെടുത്ത ഒരു മേൽനോട്ടക്കാരൻ എന്നതിനപ്പുറം ഒരു സുഹൃത്തെന്നതുപോലെ എന്റെ ഒപ്പം നടന്നു, എന്റെ ജീവിതം പിന്നീടുള്ള കാലങ്ങളിലിങ്ങോട്ട്!

അങ്ങനെ അവരുടെ ജീവിതത്തിൽ എഴുതിചേർത്താൽ ഭംഗിയാവില്ലെന്ന് ആർക്കോ തോന്നി, ഉപേക്ഷിച്ചുകളഞ്ഞ രണ്ട് പേജുകൾ എന്റെ പുസ്തകത്തിലേക്ക് ഒട്ടിച്ച് ചേർക്കുന്നു: എന്റെ സാഹിലും നൂറയും. എന്നോടൊപ്പം നിങ്ങളോടോപ്പം നമ്മുടെ കോളേജിൽ അവരുണ്ട്. കേൾക്കുന്ന വാക്കുകളോരോന്നും വരകളായ്, നിറങ്ങളായ് മാറിപ്പോകുന്നു നൂറയ്ക്ക്. എന്റെയുള്ളിൽ എവിടെയോ സൂക്ഷിച്ച ക്യാൻവാസും ബ്രഷുകളും ഞാനവൾക്ക് നല്കുന്നു. സാഹിൽ കാറ്റിനൊപ്പം വേഗം നേടാൻ പരിശീലിയ്ക്കുന്നു. നമുക്കിടയിലെ മിന്നൽപിണർ! എനിയ്ക്ക് അവന്റെയൊപ്പം നടന്നെത്താനുള്ള വേഗതയില്ല. പക്ഷേ അവന്റെ സ്വപ്നങ്ങളോടൊപ്പം എന്റെ മനസ്സും കുതിയ്ക്കുന്നു.

ചിലരുടെയെങ്കിലും മനസ്സിൽ ഇവരുടെ അവ്യക്തമായ pedigree-യെക്കുറിച്ചുള്ള ചിന്തകളാണ്‌. അച്ഛനും അമ്മയും എന്നത് ഒരു ജീവിതം ആരംഭിയ്ക്കാനുള്ള വാതിലും വഴിയും മാത്രമാണ്‌. ഭൂരിഭാഗം പേരും അവരുടെ വിശ്വാസങ്ങളെ, ശീലങ്ങളെ പകർത്തിവയ്ക്കാനൊരു സുരക്ഷിത ഇടമായും അവരുടെ കുഞ്ഞുങ്ങളെ കരുതിപോരുന്നു. സമൂഹത്തിൽ നമുക്കൊപ്പം ജീവിയ്ക്കാനുള്ളവരിൽ മുൻധാരണകൾ നല്കാൻ കാരണമാകുന്ന ചില അടയാളങ്ങൾ മാത്രമായി മാറുന്നു അവ.

ഒളിപ്പിച്ച് വയ്ക്കാൻ കഴിയാത്ത ഒരു ജനിതകം എല്ലാവരിലുമുണ്ട്. കൂടിയും കുറഞ്ഞുമായ് തലമുറകളെ അടയാളപ്പെടുത്തുന്ന ഒന്ന്. ഭംഗിയുള്ള വരകൾ രേഖപ്പെടുത്താൻ കഴിയുന്ന, നിറങ്ങളെ പ്രണയിക്കുന്ന ഏതൊക്കെയോ ജീവിതങ്ങളെ എനിയ്ക്ക് നൂറയ്ക്ക് ഒപ്പം കാണാൻ കഴിയുന്നു. അവരിൽ ചിലർ നമുക്കറിയാകുന്ന ചിത്രകാരന്മാരിൽ ആരെങ്കിലും ആയിരിയ്ക്കും. അല്ലെങ്കിൽ തന്റെ ഇഷ്ടങ്ങളെ ഒളിപ്പിച്ചുവച്ച് അപൂർണ്ണമായ ജീവിതം ജീവിച്ച് മരിച്ചുപോയ മറ്റേതോ ജന്മങ്ങളാവാം. സാഹിലിന്റെ ജനിതകം പങ്കിടുന്ന ആരൊക്കെയോ തങ്ങളുടെ ജീവിതം തിരക്കുപിടിച്ച് ഓടിത്തീർക്കുന്നുണ്ടാകും. ചിലർ കാറ്റുപോലെ മാഞ്ഞുപോകുന്നുണ്ടാകും. ചിലർ പ്രവാഹങ്ങൾ പോലെ മുന്നേറുന്നുണ്ടാകും. 

പൊടുന്നനെ മുളപൊട്ടുന്നതല്ല ഒരാളിലേയും പ്രതിഭ. അതെങ്ങനെ കാത്തുസൂക്ഷിയ്ക്കുന്നു എന്നതും ഒരു കഴിവാണ്‌. അതെങ്ങനെ പ്രകടിപ്പിയ്ക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പാണ്‌. ചിലർക്കത് അവനവനിൽ തന്നെയുള്ള ധ്യാനമാണ്‌. ചിലർക്ക് ആൾക്കൂട്ടം തന്നെ തിരിച്ചറിയുന്നുവല്ലോ എന്നറിയുമ്പോഴുള്ള സംതൃപ്തിയാണ്‌. ആൾക്കൂട്ടത്തോട് അവർക്കുള്ള പ്രതികരണം ആ തിരഞ്ഞെടുപ്പിനനുസരിച്ചുള്ള തീരുമാനങ്ങളാകും.

ചില ഗുണങ്ങൾ- അത് വരയായാലും വാക്കായാലും വേഗതയായാലും - പല തലമുറകളിലൂടെ സഞ്ചരിച്ച് ചിലരിലൂടെ പ്രകടമായും അല്ലാതെയും, ചിലരിൽ  'refined   and saturated ' ആകും. അതേ ജനിതകഗുണങ്ങൾ പങ്കിടുന്ന മറ്റുപലരേയും പോലെ ഒരുപക്ഷേ അത് ഒളിപ്പിച്ച് വയ്ക്കാൻ ,നിയന്ത്രിക്കാൻ അവർക്ക് കഴിയില്ല. എത്രയോ ജന്മങ്ങളിലൂടെ ജീവിതത്തിലൂടെ കടന്നുപോയ വാക്കുകളെയാകും പ്രശ്സ്തനാകുന്ന എഴുത്തുകാരൻ കാലത്തിൽ രേഖപ്പെടുത്തി വയ്ക്കുന്നത് എന്ന് പറയാറുള്ളത് പോലെ; തങ്ങളെ തന്നെ തുറന്ന് കാട്ടാൻ- തങ്ങൾക്കൊപ്പം ചേർക്കാൻ ഒരു പേരില്ലെങ്കിലും- ഒരു pedigreeയെ അടയാളപ്പെടുത്താൻ അവരിലൊരാൾ ബാക്കിയാകും. പലകാലങ്ങളിൽ ജീവിച്ച പതിനായിരങ്ങളുടെ ജീവിതങ്ങൾ പ്രതിഫലിപ്പിയ്ക്കാൻ! നൂറയും സാഹിലും നമുക്കിടയിൽ അങ്ങനെ വന്നുചേരുന്നു. ഒളിപ്പിച്ചു വയ്ക്കാൻ കഴിയാതെ പോകുന്നു അവരിൽ ആ നക്ഷത്രത്തിളക്കം."

No comments:

Post a Comment