മനസ ദേവിയുടെ കഥകളിൽ ഒന്നിൽ അവൾ പറഞ്ഞു:

'ഒരു പുരുഷൻ സ്പർശിയ്ക്കുന്നു എന്ന തോന്നൽ പോലുമില്ലാത്ത, അത്രയും ദൈവികമായ നിമിഷത്തിൽ ഒന്നിൽ  സ്ത്രീ ഗർഭം ധരിയ്ക്കണം. കൂടിച്ചേരലുകളുടെ, കീഴ്വഴക്കങ്ങളുടെ സങ്കീർണ്ണതകളല്ലാത്ത, അവ്യക്തതകളില്ലാത്ത, പവിത്രമായ ഒരു ജീവൻ അങ്ങനെ ഭൂമിയിൽ പിറക്കണം. .'

അയാൾ മറുപടി പറഞ്ഞു :

'.... ഓർമ്മകളിലൂടെ,
ചിന്തകളിലൂടെ,
അനേകം അരുതുകളിലൂടെ 
അപരിചിതരാകുന്നു നമ്മൾ. 
വരൂ, 
നമുക്ക് മൃഗങ്ങളെപ്പോലെ സ്നേഹിയ്ക്കാം...  ഇണ ചേരുമ്പോൾ അത് മൃഗങ്ങളെപ്പോലെ ആയിരിക്കണം... അതിൽ ഓർമ്മകൾ പോലും പതിയിരിക്കരുത് ....'

അനുരാധപുരത്തിന്റെ ഇന്ദ്രാണി- അതായിരുന്നു ആ കഥ.
ഞാൻ ആ കഥ പലയാവർത്തി വായിച്ചിട്ടുണ്ട്;

അതിനെക്കുറിച്ച് വല്യമ്മ ഒരിയ്ക്കൽ എന്നോട് പറഞ്ഞു:
"ഒരു ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിന് എന്റെയൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ എഴുത്തുകാരിയുടെ സഹായി ആയിരുന്നു ആ പെൺകുട്ടി. ഞാൻ അവളോട് അവളുടെ നാടിനെക്കുറിച്ച് ചോദിച്ചു. അനുരാധപുര. അത് ലങ്കയിലെ പുരാതനമായ നഗരസ്ഥാനമാണ്. അവൾ അവിടെയുള്ള ബുദ്ധപ്രതിമകളെക്കുറിച്ചു പറഞ്ഞു. ഒരിയ്ക്കലെങ്കിലും ബോധ് ഗയയിൽ വരണം. അതാണ് അവളുടെ ഏക ആഗ്രഹം. ഇന്ത്യയിൽ നിന്നാണ് ഞാൻ എന്നറിഞ്ഞപ്പോൾ അവളാദ്യം എന്നോട് ബുദ്ധനെക്കുറിച്ചു ചോദിച്ചു. എന്റെ നാട്ടിൽ നിന്ന് ബുദ്ധന്റെ അടുക്കലേക്ക് നിന്റെ നാട്ടിൽ നിന്നുള്ളതിനേക്കാൾ ദൂരമുണ്ട്- ഞാൻ ഉത്തരം പറഞ്ഞു. ഞങ്ങൾ അത്രയേ സംസാരിച്ചുള്ളൂ. ആ രണ്ട് ദിവസമേ കണ്ടിട്ടും ഉള്ളൂ. ഒരിയ്ക്കൽ സഞ്ചാരിയായ എന്റെ സുഹൃത്തിനോട് സംസാരിച്ചിരിക്കുമ്പോൾ ഞാൻ അവളെ ഓർത്തു. സഞ്ചാരിയ്ക്ക് ഞാൻ വിനായകൻ എന്ന് പേരിട്ടു. അവളെ ഇന്ദ്രാണി എന്നും വിളിച്ചു. അയാളോട് അവളെക്കുറിച്ച് പറഞ്ഞു. അവൾ ബുദ്ധനെ പ്രണയിക്കുന്ന പെൺകുട്ടിയാണ്. ബുദ്ധന്റെ അടുക്കലേക്കാണ് അവൾക്ക് പോകേണ്ടതും. അവർ ഒരുപാട് ഇടങ്ങളിൽ യാത്ര ചെയ്തു. ഒരിടത്തും അവൾ ബുദ്ധനെ കണ്ടില്ല. മനുഷ്യനെന്ന് പേരുള്ള വീട് ബുദ്ധൻ ഉപേക്ഷിച്ചിറങ്ങുന്നത് എങ്ങനെയെന്ന് ആ ദിവസങ്ങളിൽ ഞാൻ ആലോചിയ്ക്കുകയായിരുന്നു. അങ്ങനെയാണ് ആ കഥ എഴുതിയത്..."

അതിലെ ഒരു ഭാഗം ഇങ്ങനെയാണ്, ഇന്ദ്രാണി വിനായകനോട് പറയുന്നു:
'മനുഷ്യന്, സ്ത്രീയ്ക്കും പുരുഷനും ഇടയിലുള്ള സ്‌നേഹം ശരീരം തന്നെയാണ്.  അല്ലെങ്കിൽ നമുക്കിടയിലെ ബന്ധമെങ്കിലും മറ്റൊന്നായ് മാറിയേനെ!'


"അതിൽ അരുവി ആറ് എന്ന ഒരു നദിയെക്കുറിച്ച് പറയുന്നുണ്ടല്ലോ.. ഇന്ദ്രാണി മടങ്ങിപ്പോകുന്ന ഇടം?"
ഞാൻ വല്യമ്മയോട് ചോദിച്ചു.

"അനുരാധപുര അതിന്റെ കരയിലാണ്.. ഞാൻ ആ പേരിൽ നിന്ന് ആ ഭൂപ്രദേശം വരച്ചെടുത്തതാണ് .."
വല്യമ്മ ചിരിച്ചു:
"പ്രണയം എന്ന വാക്കിനെ ശരീരം എന്ന് വിവർത്തനം ചെയ്യുന്ന സൗഹൃദങ്ങളിൽ നിന്ന്,  ഇന്ദ്രാണി ആറ് അരുവിയിലേക്കെന്ന പോലെ ഞാൻ പലായനം ചെയ്തു... എന്റെയുള്ളിൽ ഇങ്ങനെ ഒരുപാട് നദികൾ ഒഴുകിപ്പോകുന്നുമുണ്ട്.. അതുകൊണ്ടാണ് ഞാൻ നദികളെ കഥകളിലെല്ലാം വരച്ചിടുന്നത് ..  ഞാൻ തന്നെ അദൃശ്യമായ ഒരു നദിയാണ് .. ഒരു സമുദ്രത്തിന് മാത്രം സ്വീകരിയ്ക്കാൻ കഴിയുന്ന ഒരു നദി .. "
വല്യമ്മ കണ്ണുകളടച്ചു.
ഒറ്റയ്ക്കിരിക്കണമെന്നാണ് അതിന്റെ അർത്‌ഥം.
എനിക്കെന്തോ ആ നേരം വല്യച്ഛന്റെ മുഖം മുന്നിൽ തെളിഞ്ഞു നിന്നു.

- കഥകളിലെ കഥ നുണക്കഥ.

No comments:

Post a Comment