കവി
പരാജയങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ
അയാളുടെ
വിജയങ്ങളെക്കുറിച്ച് ആര് പറയും?
ലോട്ടറി വിൽക്കുന്നത്
എച്ചിൽ പാത്രങ്ങൾ കഴുകുന്നത്
മീൻ വെട്ടുന്നത്
ആദരവ് കിട്ടാത്തത്
ആരും വായിക്കാത്ത കവിതകൾ എഴുതേണ്ടി വരുന്നത്
പരാജയങ്ങളാണെന്ന്
കവി തന്നെ പറഞ്ഞാൽ
ഇതെല്ലാം ജയങ്ങൾ കൂടിയാണെന്ന്
പട്ടിണി കിടക്കുന്നവനോട്
കാലില്ലാത്തവനോട്
കടത്തിണ്ണയിൽ വിശന്നുറങ്ങുന്നവനോട്
അക്ഷരമറിയാത്തവനോട്
ആരു പറയും?
(അപരന്റെ കെട്ടുകാഴ്ച്ചയിൽ
പണയത്തിലാണിപ്പോഴും
കവിയ്ക്ക് ജീവിതമെന്നെഴുതാനുള്ള
അക്ഷരങ്ങൾ!)

No comments:

Post a Comment