കഴിഞ്ഞ ദിവസം "ഉദാഹരണം സുജാത" കണ്ടു. വർഷാരംഭത്തിൽ "nil battey sannata" കണ്ടിരുന്നു. ആ സിനിമയുടെ കരുത്തും സൗന്ദര്യവും വൈകാരികതയും എന്നെ വിട്ടു  പോയിട്ടില്ല. പോകുമെന്ന് തോന്നുന്നില്ല. അതിന്റെ മലയാളം റീമേക്ക് ആണ് "ഉദാഹരണം സുജാത"എന്നത് കൊണ്ട്, എങ്ങനെ അതവതരിപ്പിച്ചു എന്നൊരു കൗതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ സിനിമ കാണുമ്പോൾ. 

അങ്ങനെ, അങ്ങനെ സിനിമ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ, സുജാത കയറിയ ഓട്ടോ അപകടത്തിൽ പെട്ടു.
രണ്ട് സിനിമകളും കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന മകൾ ചോദിച്ചു:
"ഹിന്ദി വേർഷനിൽ  ഇങ്ങനെ ഉണ്ടായിരുന്നോ?"
"ഇല്ല !"
"പിന്നെ?"
മലയാളത്തിൽ സ്നേഹിയ്ക്കുന്നത് അപകടം ആണെന്നും,  ആളുകൾ അപകടത്തിൽ പെടുമ്പോൾ മാത്രം അവരുടെ പ്രിയപ്പെട്ടവർ പ്രകടിപ്പിയ്ക്കുന്ന ഒരു വികാരമാണ് ഇവിടെ സ്നേഹം എന്നും പറയാൻ പറ്റുമോ? ഇല്ല!

സുജാത ആയിരുന്നില്ല, സിനിമയാണ് ആ നിമിഷം ഇന്റൻസീവ് കെയർ യൂണിറ്റിലായത് എന്ന് എനിയ്ക്ക് തോന്നി! വ്യത്യസ്തയായ ഒരു അമ്മയുടെ ജീവിതത്തെ, അതിലെ അസാധാരണത്വത്തെ മുഴുവൻ അതിലൂടെ റദ്ദ് ചെയ്തു കളഞ്ഞതുപോലെ. ജീവിതത്തെ, അതിന്റെ കരുത്തിനെ, സൗന്ദര്യത്തെ; ഒരു കഥാകാരനെ; അയാൾക്ക് പറയാനുള്ളതിനെ മുഴുവൻ! :-(

അമ്മ,  മരണത്തിനു മുഖാമുഖം നിൽക്കാതെ തന്നെ നിൽ ബട്ടെയിലെ മകൾക്ക് അമ്മയെ മനസ്സിലാക്കാനും അത് അമ്മയോട് പറയാനും അവസരം കിട്ടിയിരുന്നു. എത്ര മനോഹരമായിട്ടാണ് അവരതവതരിപ്പിച്ചത്! അവിശ്വസനീയമായ് അതിൽ ഒന്നുമുണ്ടായിരുന്നില്ല. ആശുപത്രിക്കിടക്കയിൽ നിന്നെല്ലാതെ അവർ സ്നേഹം പങ്കിട്ടു. മലയാളത്തിലെ മകൾക്ക് ''ബോധം വരാൻ'' അമ്മ കയറിയ ഓട്ടോ അപകടത്തിൽ പെടേണ്ടി വന്നു; അമ്മ അത്യാസന്നനിലയിലെത്തേണ്ടി വന്നു!! നിൽ ബട്ടെയിൽ ഇങ്ങനെയുള്ള സീനുകൾ ഇല്ലെന്ന് അറിയുമായിരുന്നില്ലെങ്കിൽ, മകൾക്ക് അമ്മയെ "മനസ്സിലാക്കാൻ" ഇതേ മാർഗ്ഗമുള്ളൂ എന്ന് ഞാനും കരുത്തിയേനെ! അത്തരം ഉദാഹരണങ്ങളാണല്ലോ  കണ്ട്  ശീലിച്ചതും. സ്നേഹിയ്ക്കപ്പെടാൻ മരണത്തോളം ചെന്നെത്തിനിൽക്കണമെന്ന ഉദാഹരണങ്ങൾ! :-(

എപ്പോഴാണ് ജീവിച്ചിരിക്കുന്ന ഒരാൾ, സാധാരണമായ നിമിഷങ്ങളിലൂടെ സ്നേഹിയ്ക്കപ്പെടുന്നത്, അവിശ്വസനീയമല്ലെന്ന് നാം സമ്മതിച്ചു കൊടുക്കുക! അത്തരം ഉദാഹരണങ്ങൾ നമുക്ക് പരിചിതമാകുക! നമ്മുടെ ശീലമായ് അത് മാറുക?!


No comments:

Post a Comment