ഒരോ വാക്കിലും ഒരു ഹൃദയമുണ്ട്.
ഹൃദയത്തിൽ നിന്നുമുള്ള വാക്കുകളാണവ.
ഹൃദയം ചേർത്തു വച്ചാൽ മാത്രമത് കേൾക്കാം.

ഓരോ വാക്കിനും ഒരു ജീവിതമുണ്ട്.
ഓരോ  വാക്കിലും ഒരു ജീവിതമുണ്ട്.
ജീവിതം അടയാളപ്പെടുത്തേണ്ടയിടങ്ങളിൽ
വാക്കുകൾ ജനിയ്ക്കുന്നു.

ഞാനെന്ന വാക്ക് അടയാളപ്പെടുത്തേണ്ടത്
മൂന്നക്ഷരമുള്ള ഒരു വാക്കിലാണ്.

ഓരോ വാക്കിനും ഒരു യാത്രയുണ്ട്.
എഴുതിവെച്ചയിടത്തു നിന്ന്
ഓർത്തുവയ്ക്കുന്നവരിലേക്കുള്ളതാണ് അതിന്റെ ദൂരം.

വാക്ക് ഒരു മരുന്നാണ്
വാക്ക് ഒരു ആയുധവും.

എല്ലാ വാക്കുകളും
എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ല.
എല്ലാ വാക്കുകളും
എല്ലാവരോടും പറയാനുള്ളതുമല്ല.

അർജ്ജുനനെപ്പോലെ കേൾക്കാൻ സന്നദ്ധതയുള്ളവർക്ക്
വാക്ക് അച്യുതനാകുന്നു.
മൗനത്തേക്കാൾ നല്ല വാക്കില്ല വേറെ എന്നിടത്ത്
വാക്ക് ശങ്കരന്റെ മൗനമാകുന്നു.
 

No comments:

Post a Comment