വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന നക്ഷത്രത്തെ വലം വയ്ക്കുന്ന ഒരാൾ.

സ്നേഹിയ്ക്കപ്പെടേണ്ടത് കൊണ്ട് മിണ്ടാതിരിയ്ക്കുന്ന ഒരാൾ.

പ്രണയത്തെക്കുറിച്ച് ആര് പറഞ്ഞാലും അത് എന്നെക്കുറിച്ച് കൂടി ആണെന്ന് അവകാശപ്പെടുന്ന ഒരാൾ.

എന്റെ രണ്ട് പ്രൊഫൈലുകളിൽ ഒന്ന് എഴുതാനും എഴുത്തുകൾ വായിക്കാനുമാണ്. അവിടെ (വാലുകളില്ലാതെ, കെട്ടുകളില്ലാതെ ) ഞാൻ തനിച്ചാണ്. വാക്കുകൾ പങ്കിട്ട സ്നേഹം മാത്രം ചുറ്റിലും. നേരിട്ട് അറിയാവുന്നവർക്ക് പ്രിയമല്പം കുറയും. അത് സാരമില്ല. മുഖംമൂടി കരുതലായ് കൊണ്ട് നടക്കുന്നുണ്ട്; അണിഞ്ഞിട്ടില്ലെങ്കിലും.

രണ്ടാമത്തേത് എന്റെ ചുറ്റിലും നടക്കുന്ന വാർത്തകളും വർത്തമാനങ്ങളും അറിയാൻ. അവിടെ ഞാൻ നിയമവിധേയമായ സ്നേഹബന്ധങ്ങൾക്ക് നടുവിലാണ്. അവിടെ എല്ലാവർക്കും സൗഖ്യം- എനിയ്ക്കും അവർക്കും- കിട്ടുന്ന ഫ്രിക്വൻസി റൈഞ്ചിലിരിയ്ക്കാൻ എപ്പോഴും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. അത് ശ്രദ്ധിയ്ക്കാറുമുണ്ട്. മുഖംമൂടി അണിഞ്ഞ ഒരിടം.

മൂന്നാമത്തെയിടത്ത് ഞാൻ പ്രണയിക്കുക മാത്രമാണ് ചെയ്യുന്നത്. എന്റെ ഒറ്റച്ചെവിയനായ പ്രണയത്തിന് ഇരുചെവികളും കൊടുത്ത് അത് മാത്രം കേൾക്കുകയും പറയുകയും ചെയ്യുന്നു. അവിടെ ഞാൻ പുഴുവും പൂവും പാറ്റയും പർവ്വതവും പാമ്പും പുഴയും ആയി മാറിപ്പോകാറുണ്ട്. പ്രണയം കൊണ്ടെല്ലാതെ മറ്റൊന്നു കൊണ്ടും മെരുക്കിയെടുക്കാൻ കഴിയാത്ത ഒരപൂർവ്വ സ്പീഷിസ് . മുഖംമൂടികളില്ലാത്ത ഒരിടം. അവനവനെ മാത്രമേ കേൾക്കൂ എന്നുറപ്പിച്ച ഒരിടത്ത് മുഖംമൂടികൾ വേണ്ട. 
:-)

No comments:

Post a Comment