"എന്റെയുള്ളിലൊരു പുരുഷനുണ്ടെന്ന് തോന്നുന്നു


ഞാൻ  എന്നോടെന്നപോലെ അവനോടായ് പറഞ്ഞു:

"എന്റെയുള്ളിലൊരു പുരുഷനുണ്ടെന്ന് തോന്നുന്നു.
അല്ലെങ്കിലെങ്ങനെയാണ്‌
അപ്രതീക്ഷിതമായ നേരങ്ങളിലവളെ 
-എന്റെയുള്ളിലെ ആ സ്ത്രീയെ -
ആഹ്ളാദത്തോടെ അഭിനന്ദിക്കാൻ കഴിയുന്നത്!
നിന്നേക്കാൾ സ്നേഹം നിറഞ്ഞ
മറ്റൊന്നും
ഈ ഭൂമിയിലേ ഇല്ലെന്ന്
പറഞ്ഞ്
ഉള്ളിന്റെയുള്ളിലേക്കവളെ
ചേർത്ത് നിർത്താൻ കഴിയുന്നത്!

എന്റെയുള്ളിലാ സ്ത്രീയുണ്ടെന്ന് തോന്നുന്നു.
സ്നേഹത്തിന്റെ പകുത്തു കിട്ടലിൽ
 മറ്റൊന്നും നഷ്ടങ്ങളേയല്ലെന്ന്
തന്നെ തന്നെ പകർന്ന് വയ്ക്കുന്നവൾ.
ഒരു സ്നേഹകാലത്തിന്റെ
ഓർമ്മയിൽ
അതിനു മുൻപും പിൻപും ഉള്ള
എല്ലാ സ്നേഹഭംഗങ്ങളെയും
ഉപേക്ഷിച്ച് കളയുന്നവൾ.
എല്ലാ ഋതുഭേദങ്ങളിലും
ആ വസന്തകാലത്തെ
ഓർത്തെടുത്തുള്ളിൽ
വിടർന്ന്
പൂവിട്ടു പോകുന്നവൾ.'

"ഓരോ മനുഷ്യനിലുമുണ്ടത് -. "
അവൻ പറഞ്ഞു:
"അതുകൊണ്ടാണ് നമുക്ക് നമ്മുടെ സ്നേഹത്തെക്കുറിച്ച് നാം സ്നേഹിക്കുന്നവരോട് തന്നെ വിശദീകരിക്കേണ്ടി വരുന്നത്. നീ എന്ന പുരുഷന് എന്നിലെ പുരുഷനോളം പ്രണയമില്ലെന്ന് സ്ത്രീയും നീ എന്ന സ്ത്രീയ്ക്ക് എന്നിലെ സ്ത്രീയോളം മാധുര്യമില്ലെന്ന് പുരുഷനും ഇടയ്ക്കിടെ പിണങ്ങുന്നത്! "


No comments:

Post a Comment