''കോടാനുകോടി പ്രാണികളിൽ ഒന്നായ് മാഞ്ഞു പോകരുത്;  ഒരു ജീവിതവും. എന്നെങ്കിലുമൊരിയ്ക്കൽ സ്നേഹത്തോടെ ഒപ്പം നടന്ന ഒരാളെങ്കിലും അറിയാനാഗ്രഹിയ്ക്കുന്നുണ്ട്, നിങ്ങൾ സുഖമായ് ഇരിക്കുന്നുവോ എന്ന്. ഒരിയ്ക്കൽ പരസ്പരം പങ്കിട്ട സ്നേഹത്തിൽ നിന്നുണ്ടായ അയാളുടെ അവകാശമാണത്."- സുഹൃത്ത്.


ചിലരോട് അകലം പാലിയ്ക്കുന്നത്, അവരോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല.
പകരം അവരിലൂടെ ചെന്നെത്തിപെടാൻ സാധ്യതയുള്ള ഓർമ്മകളോടുള്ള ഇഷ്ടക്കുറവ് കൊണ്ട്. ഒന്നിനോട് മറവി ശീലിക്കുമ്പോൾ കൂട്ടത്തിൽ പലതും മറന്നു പോകും. അല്ലെങ്കിൽ അതോന്നും ഓർക്കുന്നേയില്ലെന്ന് ഭാവിയ്ക്കും.

വിശന്നു വലഞ്ഞ ഒരുവൻ,
കണ്ണുകെട്ടി നൂൽപ്പാലത്തിലൂടെ നടക്കുന്നതു പോലെയാണ്
ഓരോരുത്തരും
പ്രിയപ്പെട്ടവരെന്ന് കരുതുന്ന മറ്റൊരാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നത്.

ചിലർ വിജയിയ്ക്കും.
മറ്റുള്ളവർ  തോറ്റു എന്ന് സമ്മതിച്ചു കൊടുക്കുകയും ഇല്ല.

എവിടെയൊക്കെയോ ചെറിയ പിഴവുകളോടെ അവതരിപ്പിയ്‌ക്കേണ്ടി വന്ന രസമുള്ള ഒരു നാടകം.

ജീവിതത്തെക്കുറിച്ചു  പറഞ്ഞതാണ്.

No comments:

Post a Comment