എല്ലാം എഴുതിക്കഴിഞ്ഞെന്നുറപ്പിച്ചു കഴിഞ്ഞതിൽ പിന്നെ എല്ലാം ചേർത്ത് , ഒറ്റവാക്കുപോലും വിട്ടുപോകാതെ , ഒരു വരി പോലും മാഞ്ഞു പോകാതെ കൂട്ടിച്ചേർത്ത് ഒരു പുസ്തകമാക്കണം.

ഒറ്റകോപ്പിയുള്ള ഒരു പുസ്തകം.

കഥയെന്നോ കവിതയെന്നോ ക(വി)ഥ എന്നോ ഓർമ്മക്കുറിപ്പെന്നോ ഭ്രാന്തുകളെന്നോ വേർതിരിവുകളില്ലാതെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മഷി പടരുന്നതുപോലെ.

 എന്റെ ജീവിതം,
ജീവിക്കാൻ ആഗ്രഹിച്ച ജീവിതം,
എന്നിലേക്ക് വന്നുചേർന്ന ജീവിതം,
വന്നു ചേരേണ്ടിയിരുന്ന ജീവിതം -
ഏത് ഏതെന്ന് എനിക്കുപോലും വേർതിരിക്കാനാവാതെ അതങ്ങനെ കടലാസിൽ നിറയണം.

ഒറ്റക്കോപ്പിയുള്ള ആ പുസ്തകം എനിയ്ക്ക് എപ്പോഴും കൂടെ കൊണ്ട് നടക്കണം.

അതിൽ നിറങ്ങളും ചിത്രങ്ങളും വേണം.

അതിന്റെ അരികുകളിൽ എഴുതിയിട്ടും എഴുതിയിട്ടും മതിയാകാത്ത എന്റെ കൈയ്യക്ഷരങ്ങൾ നിറയണം.

ചില നേരങ്ങളിൽ -ചിലപ്പോൾ ദിവസങ്ങളോളം - എനിയ്ക്ക് എഴുതാൻ തോന്നാറുണ്ട്.
ഒരു മരം കൃത്യതയില്ലാതെയെത്തുന്ന അതിന്റെ പൂക്കാലത്തോട് എങ്ങനെയോ അങ്ങനെ.
ചിലപ്പോൾ എന്നിൽ ഒന്നോരണ്ടോ പൂക്കൾ എടുത്തണിയിച്ച് അതങ്ങു മറയും.
ചിലപ്പോൾ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്ന് എല്ലായിടത്തും പൂക്കൾ മാത്രമെന്ന് ഞാൻ മാറിപ്പോകും.


കൂട്ടുകാരനോട് ഒരിയ്ക്കൽ ഞാൻ പറഞ്ഞിട്ടുണ്ട്:
"ആ സമയങ്ങളിൽ വസന്തം ചെറിമരങ്ങളോട് ചെയ്യുന്നതെല്ലാം അക്ഷരങ്ങൾ എന്നോടും ചെയ്യാറുണ്ട് " എന്ന് .

:-)
അത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് അവനും! :-P

ഏതോ ഒരു ‘വാതകഗ്രാമത്തിലെ’ ഏകാംഗഗോത്രഭാഷയിലാണ്‌  ചിന്തകളും എഴുത്തുകളും.
 അത്രമേൽ തനിയെ;
അത്രയും പ്രകാശവർഷങ്ങൾ അകലെ!!!


No comments:

Post a Comment