കടല്‍, ശംഖിനോട്:

എനിക്ക് കവചമായ്
നീ തന്ന സ്നേഹലവണം,
എനിക്ക് സ്പന്ദനമായ്
നിന്റെ ശബ്ദത്തിന്റെ ആവർത്തനം,
എന്നിലെ തിരകളിലെ കലാപം മുഴുവൻ
ഒരു മുഷ്ടിയിലൊതുക്കിയ നിന്റെ കരുത്ത്..
ശംഖേ നിനക്ക് പകരമാകാൻ
എന്റെ ആകാരവും
എന്നിലെ ആഴവും
മതിയാവില്ല,

നിന്നിലേക്കുള്ള
പാതിമുറിഞ്ഞ തീർത്ഥാടനമാണ്‌
എന്റെ തിരയാത്രകളത്രയും.

------------------------------x----------------------------

കനലിനറിയാം മഴയ്ക്കുള്ളിലെ ചൂട്.

മേല്‍ക്കൂരയില്ലാത്ത വീട്ടിലേക്ക്
തെരുവ് കുട്ടിയുടെ പനിച്ചൂടിലേക്ക്
ദരിദ്രന്റെ ചിതയിലേക്ക്
പെയ്യേണ്ടി വന്നപ്പോള്‍,

അവളെ സ്വന്തമാക്കിയെന്നഹങ്കരിച്ച പുഴ,
കുടിലിലെ അരിക്കലം തട്ടിപ്പറച്ചപ്പോള്‍,
അവള്‍ ഉള്ളില്‍‌ക്കരഞ്ഞത്..
ഇനി വയ്യെന്ന് പറഞ്ഞത്..

കരിയാന്‍ തുടങ്ങിയ മരത്തേയും
വേനലില്‍ വെന്ത മണ്ണിനേയും
കാണിച്ച്
അവനാണ് പറഞ്ഞത്:
നീ പെയ്യുക..
പലരുടെ കാല്‍ചുവട്ടില്‍ കിടന്ന്
കാലങ്ങളോളം ഞാനെരിയാം..
__________________x__________________

No comments:

Post a Comment