മറ്റ്‌ എല്ലാമരണവും
 ഒറ്റദിവസത്തേക്കുള്ള മരണം.
സ്വന്തമായിരുന്നെന്ന്
ഉറപ്പിച്ച ഒരാളുടേത്‌
മരണം വരേക്കുമുള്ള മരണം.

മരിച്ചു കഴിഞ്ഞ ചിലർ
നമ്മുടെ മരണം വരെ
നമ്മിൽ, നമുക്ക്‌ മാത്രമായ്‌
ഒളിച്ച്‌ ജീവിയ്ക്കുന്നു.

അമ്മയുടെ പിറന്നാൾ.
ആദ്യ വിമാനയാത്ര.
അമ്മയെ അവസാനം കണ്ടത്‌.
(മിണ്ടിയതും മിണ്ടാതിരുന്നതും
മിണ്ടാതിരുന്നാൽ
കരയാതെ ഇരിയ്ക്കുമെന്ന്
വെറുതെ കരുതിയതും.)

അന്ന് അതൊരു വ്യാഴാഴ്ച.
ഇന്ന് ഒരു ദുഖവെള്ളി.
പന്ത്രണ്ട്‌ വർഷമായ്‌ വിഷു സദ്യ എന്ന് കള്ളം പറഞ്ഞ്‌,
രഹസ്യമായ്‌ അമ്മയ്ക്ക്‌ പിറന്നാൾ സദ്യ ഉണ്ടാക്കുന്നു.

സാരല്ല എന്ന് ഞാൻ എന്നോട്‌ തന്നെ.
മറ്റാരു പറഞ്ഞാലും അത്‌ ഞാൻ കേൾക്കില്ല എന്നത്‌ കൊണ്ട്‌.
അല്ലെങ്കിലും എന്റെ അനുസരണാശീലം ലോകപ്രസിദ്ധമാണു!
:)


No comments:

Post a Comment