നീ ഒരു പുഴയാവുക.

കാലത്തെ അതിജീവിക്കുന്ന ഒഴുക്ക് നീ സൃഷ്ടിക്കുക.
എന്നെ അതിലുപേക്ഷിക്കുക.
എന്നിട്ട് നീ ഇന്നലകളിലേക്ക് തിരിച്ച് പോവുക..

നിന്റെ ആഴങ്ങളിലെ ഓർമ്മപ്പുറ്റുകളിൽ
ഒരിയ്ക്കലും കണ്ണടയ്ക്കാൻ കഴിയാത്ത
മത്സ്യമായ് തപസ്സിരിക്കണമെനിക്ക്...

നീ ജലമാകുന്നിടത്തോളം
എനിക്ക് മത്സ്യമാകണം.
നിന്റെ ആഴങ്ങൾ,ഒഴുക്ക് എല്ലാം അറിയണം.

നിന്റെ അറിവോടെ നിന്നിലെത്താനാണ്‌
പുഴയാകാൻ അപേക്ഷിച്ചത്.
പക്ഷെ എന്റെ സാന്നിധ്യം,
നിന്റെ ചലനത്തിനു തടസ്സമാകാതിരിക്കാൻ,
എന്നെ അറിയാതിരുന്ന ഇന്നലകളിലേക്ക് മടങ്ങി,
ദിശമാറ്റി,
കാലങ്ങളോളം നീ ഒഴുകുക.

നിന്റെ ആഴങ്ങളിൽ പരിഭ്രമിക്കാതെ,
നിന്റെ ഒഴുക്കിൽ വഴിതെറ്റാതെ,
അപ്പോഴും ഞാനവിടെത്തന്നെയുണ്ടാകും:
നിന്റെ ആഴങ്ങളിലെ ഓർമ്മപ്പുറ്റുകളിൽ

ഒരിയ്ക്കലും കണ്ണടയ്ക്കാൻ കഴിയാത്ത മത്സ്യമായ്

No comments:

Post a Comment