ഉള്ളു പൊള്ളയായ ലോഹഗോളം
പോലെയാകുന്നു മനസ്സ്.

അതിൽ മേൽവിലാസമില്ലാതെ കയറി വന്ന
ഒരു ഭയം
പൊറുതിയും തുടങ്ങിയിരിക്കുന്നു.

അതിന്റെ വികർഷണം
എന്നെ കുടിയൊഴിപ്പിക്കുന്നതിനു മുൻപ്
അതിനൊരു ജപ്തി നോട്ടീസ് കൊടുക്കണമെനിക്ക്.

അതിലെഴുതാൻ
വാക്കുകൾ തിരയാൻ
എനിക്ക് പോകണം.

മേഘങ്ങൾ കാണാതെ
മഴ ചിതറിയ
മരങ്ങളുടെയിടയിലെ വീട്ടിലേക്ക്,

ചില മരണങ്ങൾ
കരിച്ച
മരക്കൊമ്പിലേക്ക്,
അതിലങ്ങിങ്ങ്
മുളപൊട്ടി തലനീട്ടിയ
പച്ച വിരലുകൾ
വിറയോടെ തൊട്ടുനോക്കാൻ.

പിണങ്ങിപ്പറിച്ചെറിഞ്ഞ
ചില മരങ്ങളുടെ
വേരുകൾ തിരഞ്ഞ്,

തോറ്റു പോയവരുടെ
ആത്മഗതങ്ങളിലേക്ക്,

സഹോദരനെപ്പോലെ കാവൽ നിന്ന
കള്ളിമുണ്ടുടുത്ത കവലകളിലേക്ക്,

നാലുമണി വെയിലിലേക്ക്,

പ്രണയം പറയാതിരുന്നവന്റെ
വാക്കുകളിലേക്ക്
(ഞങ്ങളിലൊരാൾക്ക്
മറ്റയാളുടെ ജീവൻ
തന്റേതിനേക്കാൾ പ്രിയമായതു കൊണ്ടാണ്‌
അത് പറയാതിരുന്നത്.

പറയാതെ പോകുന്ന പ്രണയം
മാവിന്റെ ഉച്ചിയിൽ കായ്ച്ച
പഴുത്ത മാങ്ങപോലെയാണെന്നു
ഓർമ്മിപ്പിച്ച ക്ലാസ്സിലിരുന്ന്
ഞങ്ങളത് പക്ഷികൾക്ക് എറിഞ്ഞു കൊടുത്തു.)

ഇനി  യാത്ര

നടക്കാൻ പഠിപ്പിച്ച -
പാർവ്വതിപ്പൂക്കളും ഉണക്കിലകളും വീണ
വഴിയെ പോകുന്നവർ മൂത്രമൊഴിക്കാത്ത-
ഇടവഴികളിലേക്ക്.

കാലുതെറ്റി
പലവട്ടം വീണ ചെങ്കൽക്കോണി
വീണ്ടും കയറാൻ.

മഴയെ മുറുകെപ്പിടിച്ച
ശതാവരി ചെടിപ്പടർപ്പുകളിലേക്ക്,
അതിനിടയിലെ ശംഖുപുഷ്പത്തിന്റെ
നീലപ്പടവുകൾ ഇറങ്ങാൻ,

ദൈവങ്ങൾക്കായി
അമ്മ പറിക്കാറുണ്ടായിരുന്ന
മഞ്ഞപ്പൂക്കളന്വേഷിച്ച്,
-ഉയരത്തിൽ നിന്നവ പറിച്ചെടുക്കൂമ്പോൾ
ഇലകളൊളിപ്പിച്ച മഴ വീണു നനഞ്ഞ അമ്മയുടെ ചിരി...
ദൈവങ്ങളേ അതിന്റെ അർത്ഥം എന്തായിരുന്നു?-

ഇവയൊന്നും അവിടെ ബാക്കിയുണ്ടാകില്ലെന്ന്
ആരും എന്നോട്
കളിയായിപ്പോലും പറയരുത്.

ആകാശവും
കടന്നു പോയ മേഘങ്ങളും
അവിടെത്തന്നെയുണ്ടാകും
അവയെന്നെ തിരിച്ചറിയും,
എനിക്കിതെല്ലാം കാട്ടിത്തരും.

ഇനി യാത്ര

പുഴയ്ക്കു മുകളിൽ ബസ്സിലിരുന്ന്
സന്ധ്യയാകുന്നത് കാണാൻ,

മേൽപ്പാലങ്ങളില്ലാത്ത
റയിൽവേ ക്രോസിംഗുകളിൽ
ധൃതിയില്ലാതെ കാത്തിരിക്കാൻ,
കടല മേടിക്കാൻ

രാത്രി കൊതുകുകൾ കാണാതെ
ഹൃദയമൊളിപ്പിച്ചു വെക്കാൻ

ഒരു ഹർത്താലു ദിവസം വലിയമ്മമാരെ വിളിച്ച്
‘ഓ ഇന്ന് വരാനിരുന്നതാ’ എന്ന് കള്ളം പറയാൻ

ശ്രീബുദ്ധനെ പ്രണയിച്ചെഴുതിയ കത്തുകൾ
വായിച്ച് വളർന്ന വാലൻമൂട്ടകളുടെ
മാനറിസങ്ങൾ പഠിക്കാൻ-
(പരീക്ഷാകാലങ്ങളിൽ
സിദ്ധാർഥനോടായിരുന്നു രോഗം-
അവന്റെ മനസ്സിനോട്-
ഉപേക്ഷിക്കാനുള്ള മനസ്സ്-
ഇന്ന് ഏറ്റവും ഭയക്കുന്നതും
ആ മനസ്സിനെത്തന്നെ-)

ഇനി യാത്ര

പുസ്തകങ്ങളുടെ അനാഥാലയത്തിലേക്ക്,
സ്നേഹത്തിന്റെ ചാരു കസേരയിലേക്ക്,

ബന്ധങ്ങളുടെ ഉന്ത് വണ്ടി തള്ളാൻ,

അനുസരണയുടെ എത്ര തവണകളടച്ചിട്ടും
തീരാതെ ബാക്കിയായ ചില കടങ്ങൾ വീട്ടാൻ,

ദേശമൊന്നും സ്വന്തമല്ലാത്ത
ഒരു പക്ഷി
യാത്രയ്ക്കൊരുങ്ങുന്നു.

ഒന്നുകിൽ
ഹൃദയപൂർവ്വം സ്വീകരിക്കപ്പെടാൻ
അല്ലെങ്കിൽ
വീണ്ടും വീണ്ടും
നിഷ്കരുണം ഉപേക്ഷിക്കപ്പെടാൻ.

രണ്ടായാലും
പുഴ തീരുവോളം
പക്ഷിക്ക് പറന്നേ പറ്റൂ.

No comments:

Post a Comment