==================
എന്തുകൊണ്ട് വീണ്ടും?
==================
ഏറെ വിശന്ന മൃഗത്തെപ്പോലെ
അക്ഷരങ്ങൾ എന്നെ ആക്രമിക്കുന്നു.
അത് എന്റെ സമയത്തിൽ മുറിവുകളുണ്ടാക്കുന്നു.
ചോരപൊടിഞ്ഞ് അതിന്റെ ചലനം പതുക്കെയാകുന്നു.

ഏറെ അപേക്ഷകൾക്കൊടുവിൽ
ഒരു പുതിയ ജീവന്റെ
നിഷേധിക്കാൻ കഴിയാത്ത
ചൂണ്ടുവിരൽ അതെനിക്കു തരുന്നു.
===================
പുനരാലോചന!
=====================
വിരൽ കാണിച്ചു വിളിച്ച കൈയ്യ്
എന്നെ ഒരു കൂട്ടിലടച്ചിരിക്കുന്നു.

അതിന്റെ അഴിക്കപ്പുറത്ത് നിന്ന് മകൾ-
ക്രയോൺസുകൾ കാണാതെ പോകുന്നതിനെക്കുറിച്ച്,
കളിപ്പന്തിന്റെ ചലനമില്ലായ്മയെക്കുറിച്ച്,
പകുതി പറഞ്ഞു നിർത്തിയ ചിത്രകഥയെക്കുറിച്ച്,
നിരന്തരമന്വേഷിക്കുന്നു.

അവളുടെ കണ്ണുകൾ
മഞ്ഞു വീണ
ചുവന്നപ്പൂ പോലെ.

മറവികൊണ്ട്
പകുതി ഇസ്തിരിയിട്ടുവെച്ച
അവന്റെ ഷർട്ട്
ഞങ്ങളൊന്നിച്ചെടുത്ത ഫോട്ടോ പോലെ,
പകുതി
ചുളിവുകൊണ്ട് തീർത്ത പുതിയ സൃഷ്ടി
മറുപകുതി
അലകളില്ലാതെ ശാന്തമായി


മറവികൊണ്ട്
ഉപ്പ് കടലായി മാറിയ കറികൾ
സ്നേഹത്തിന്റെ സ്പൂൺ കൊണ്ടവൻ കോരിക്കഴിക്കുമെങ്കിലും
ദാഹം കൊണ്ട്
രാത്രികൾ
അവന്റെയുറക്കം കെടുത്തുന്നു.

ഒറ്റക്കണ്ണുകൊണ്ട് കരയുകയും
പകുതി വായ കൊണ്ട് ചിരിക്കുകയും ചെയ്ത
 എന്നെ എനിക്കുതന്നെ അപരിചിതം.

ഹൃദയത്തിനടുത്ത് കനമേറിയ ഉറവയിൽ
മീൻകൊത്തിയുടെ ധ്യാനത്തിലിരിക്കുന്ന
എന്നോട് എനിക്കുതന്നെ സഹതാപം.

ചില നേരങ്ങളിൽ എന്റെ വാതിലോളം വന്ന്
കടൽ,
മടങ്ങിപ്പോകുന്നു.
ചില നേരങ്ങളിൽ എന്റെ ജനൽ കമ്പികളിൽ
വേനൽ,
മഞ്ഞായി പൊതിഞ്ഞു നില്ക്കുന്നു.


എഴുത്തെന്ന മന്ത്രവാദി ,
തലയിലൊരാണി തറച്ചെന്നെ ആവാഹിച്ചു തുടങ്ങിയത്
ഞാനറിയുന്നു.

എനിക്ക് രക്ഷപ്പെടണം.
എന്നെ ഞാനാക്കി ജീവിപ്പിക്കുന്ന
നഷ്ടങ്ങളെന്ന ജീവവായുവിലേക്ക്.

ഈ കൂടിനെ
യാത്രയുടെ കള്ളത്താക്കോലിട്ട് തുറക്കുക തന്നെ.

ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും
നിശ്ചയിച്ച ദൂരം
സ്വയം കയറിയിറങ്ങി തീർക്കുന്ന
എസ്കലേറ്റർ പോലെ എന്റെ ജീവിതം.


 ഞാൻ


എനിയ്ക്കും നിനക്കും
ഇടയിലുള്ളത്
ഒരു രാജ്യവും വ്യക്തിയും
തമ്മിലുള്ള ബന്ധമാണ്‌.

ഞാൻ നിന്നിൽ ജീവിക്കുന്നത്
നിന്റെ നഷ്ടങ്ങളിൽ സ്വയം വേവുന്നത്
നിന്നെയറിയുന്നവർക്കിക്കിടയിൽ
ആരുമല്ലാതാകുന്നത്
നീ അറിയുന്നില്ല.

ഞാൻ നിനക്ക്
സ്വയം പരിചയപ്പെടുത്തി
മടുത്ത് പിൻമാറിയവൾ.

നീ എന്റെ എല്ലാമെങ്കിലും
ഞാൻ നിന്റെ ആരുമല്ലെന്ന
തിരിച്ചറിവിന്റെ
തിരിച്ചറിയൽ കാർഡ് മാത്രം കൈ മുതലായുള്ളവൾ.

ഭയക്കേണ്ടതിനെ ഭയന്നും
ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിച്ചും
കാണാൻ പാടില്ലാത്തത് കാണാതിരുന്നും
വിലക്കുകളെ ആഗ്രഹിച്ചും
മുറിവുകളെ പ്രണയിച്ചും
കാവലുകൾ ഭേദിക്കാതിരുന്നും
നിന്നെ മനസ്സിൽ ബന്‌ധിച്ചവൾ.


==========
ആരറിഞ്ഞു?
==========
അവനെ സ്നേഹിക്കാൻ പഠിപ്പിച്ച,
അവനെ ജീവിതം പങ്കിടാനാണെന്ന് പഠിപ്പിച്ച,
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ പഠിപ്പിച്ച,

വരില്ലെന്നറിയുമെങ്കിലും
മനസ്സുകൊണ്ട് ഉപേക്ഷിക്കാതെ
കാത്തിരിക്കാൻ പഠിപ്പിച്ച,

മഹാഗുരു!

രാധയായിരുന്നു കൃഷ്ണന്റെ ഗുരു.


അവളുടെ ജീവിതമായിരുന്നു അവന്റെ ഭഗവത് ഗീത.

അവളായിരുന്നു അവന്റെ മനസ്സിന്റെ സാരഥി.

അവളായിരുന്നു അവന്റെ വിരലുകൾ.
അവനിലെ കുസൃതിയുടെ കടിഞ്ഞാൺ.

അവന്റെ യാത്രയും
അവനിലെ യാത്രിയും
തീരാത്ത വഴിയും.

അവനു ഒളിപ്പിച്ചു വെയ്ക്കാൻ കഴിയാതെ പോയ മയിൽപ്പീലി.


ഒരുപക്ഷെ ഈ ജീവിതമായിരിക്കണം
അവളാഗ്രഹിച്ച ഗുരു ദക്ഷിണ...
നിഴൽ പോലൊരു ജീവിതം..

അവനവളെ ഉപേക്ഷിക്കാൻ
കഴിയില്ലെന്നവൾ തിരിച്ചറിഞ്ഞ നിമിഷമാകണം
അകലാമെന്നവൾ കേണത്‌,
ആജ്ഞാപിച്ചത്.

ചില പ്രണയിനികൾ അങ്ങനെയാണ്‌
അവനെ
അകലെ
മറ്റൊരാളിന്റെ സ്വന്തമായിക്കണ്ടാനന്ദിക്കുന്നവർ.
അവരിലെ സ്പർശനങ്ങളെ സ്വയമനുഭവിച്ചറിയുന്നവർ.

തന്നെ ഉപേക്ഷിച്ചെന്നവനെയെല്ലാവരും
പഴി പറഞ്ഞതിനാകണം,
അവൾ കരഞ്ഞതും
പരിഭവിച്ചതും.

കൃഷ്ണാ
നീയെത്ര നിർഭാഗ്യവാൻ!

അവളെ വീണ്ടുമൊന്നു കാണാൻ
അവളുടെ അനുവാദത്തിനൊരു ജന്മം
ജീവിച്ചു തീർക്കേണ്ടി വന്നവൻ.

No comments:

Post a Comment