കരയ്ക്കണയാൻ കഴിയാതെ ഒരു ജലപ്രവാഹത്തിനിടയിൽ അകപ്പെട്ടു പോയിരുന്നു ഒരിയ്ക്കൽ ഉറുമ്പ്.
അതിനരികിലേക്ക് ഒരു ഇല ഒഴുകി വന്നു.
കരയിൽ ദൈവമുണ്ടെന്നും ദൈവമാണ്‌ ആ ഇല തന്റെ അരികിലേക്കയച്ചതെന്ന് ഉറുമ്പ് വിശ്വസിച്ചു.
ഉറുമ്പിന്‌ ദൈവം സ്നേഹിതനായി.
ഉറുമ്പിന്‌ ദൈവത്തിൽ തന്നെതന്നെ കാണാൻ കഴിഞ്ഞു.
ഉറുമ്പിനത് പ്രണയമായിരുന്നു.

ഒരിയ്ക്കലും ഉറുമ്പ് കരയിലേക്ക് തുഴഞ്ഞുപോയി ദൈവത്തെ കണ്ടുപിടിക്കണമെന്നാഗ്രഹിച്ചില്ല.
ദൂരയെവിടെയോ ദൈവമിരിപ്പുണ്ടെന്നും തന്നെ അത്രമേലിഷ്ടമാണെന്നും തനിക്കത് ഓരോ നിമിഷവും അനുഭവിച്ചറിയാമെന്നും ഉറുമ്പിന്‌ മനസ്സിലായി.

തന്നിലേക്ക് ഒഴുകിയെത്തിയ ഇലയെ അത് സ്നേഹിച്ചു.
ചുറ്റിലും വീണ്‌ ഒഴുകിപ്പോയ ഒരോ ഇലകളേയും അത് സ്നേഹിച്ചു.
താൻ ഒഴുകിപ്പോകുന്ന പ്രവാഹത്തെ;
ചിലനേരങ്ങളിൽ തന്നെ ഭയപ്പെടുത്താനെത്തുന്ന അലകളെ, ചുഴികളെ അത് ആസ്വദിച്ചു.
ഒരിയ്ക്കലും കരയ്ക്കണയായാൻ കഴിയാതെ, ലക്ഷ്യമില്ലാതെ ഒഴുകി എവിടേക്കെങ്കിലും ചെന്നുപെട്ടാലോ എന്ന് അത് ഭയപ്പെട്ടില്ല.
താൻ ഒഴുകിപ്പോകുന്ന വഴികളിൽ, സമാന്തരമായ തീരത്ത്, എപ്പോൾ വേണമെങ്കിലും എത്തിപ്പെടാവുന്നൊരിടത്ത് തന്റെ പ്രണയിയായ ദൈവം ഉണ്ടെന്ന് ഉറുമ്പ് വിശ്വസിച്ചു.

പിന്നീടു തന്നിലേക്ക് വന്ന എല്ലാ അനുഭവങ്ങളേയും അത് ആശ്ലേഷത്തോടെ സ്വീകരിച്ചു.
ഒരോ അനുഭവങ്ങളേയും ദൈവത്തെയെന്നപോലെ സ്വീകരിച്ചു.
ഒരോന്നും അതിജീവിയ്ക്കുന്നതിന്റെ ആനന്ദം വിസ്മയത്തോടെ ആസ്വദിച്ചു.

എല്ലാറ്റിനോടും നന്ദിയുള്ളവനായി.
എല്ലാവരേയും എളിമയോടെ കടന്നുപോയി.
ഒന്നിനോടും ഒട്ടിച്ചേർന്നു നിന്നില്ല;
ഒന്നിനേയും അവഗണിച്ചില്ല.

മരങ്ങൾക്കിടയിൽ നിന്ന് തന്നിലേക്കു വീണ വെയിലിൽ അത് നൃത്തം വെച്ചു.
ചുഴികളുടെ കാഠിന്യത്തിലത് ആശ്ചര്യപ്പെട്ടു.
രാത്രികളിൽ നിലാവിനെക്കുറിച്ച് മാത്രം ഓർത്തു.
മഴയിൽ ദൈവത്തിന്റെ കുടക്കീഴിലാണെന്ന് ധൈര്യം കൊണ്ടു.
ആഴങ്ങളിലേക്ക് പോകേണ്ടിവന്നപ്പോഴെല്ലാം ഏറ്റവും സമർത്ഥനായൊരു തുഴച്ചിലുകാരനാണെന്ന് മനസ്സിലുറപ്പിച്ചു.

ദൈവം തന്റെയൊപ്പമുള്ള മറ്റൊരു യാത്രികനാണെന്ന് ഉറപ്പിച്ച് എല്ലാനിമിഷങ്ങളിലും സ്നേഹം മാത്രം നിറച്ച്, പ്രവാഹങ്ങളോടൊപ്പം ജീവിതത്തിലേക്ക്കത് ഒഴുകിപ്പോയി.

No comments:

Post a Comment