ഇന്ന് എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഞാനുപേക്ഷിച്ച മുറിവുകളെ
നിന്റെ അസാന്നിധ്യം ചേർത്ത്
നിറമുള്ള വാക്കുകളിലാക്കി പാനം ചെയ്തിട്ടുണ്ട്.

ഒന്നുറങ്ങണമീ രാത്രി.
വസന്തത്തിൽ വിരിഞ്ഞ വാടാമലരുകൾ കൊണ്ടുവരിക.
അത് നിന്നെ ചൂടിച്ച്
ഈ രാത്രി നമുക്കൊന്നിച്ചുറങ്ങാം-
കണ്ണുകളെപ്പോലെ ഒന്നിച്ചുറങ്ങാം.

നാം ഒന്നിച്ചിരിക്കുന്ന നേരങ്ങളിൽ
നമുക്ക് നമ്മെക്കുറിച്ച് സംസാരിയ്ക്കാം.
നാമന്യോന്യമെത്ര സ്നേഹിക്കുന്നുവെന്ന് പറയാം.
ഒന്നിച്ചിരിയ്ക്കാൻ
ഒന്ന് ചിരിയ്ക്കാൻ നമ്മളെത്ര ആഗ്രഹിക്കാറുണ്ടായിരുന്നെന്ന്..

ഏറ്റവും സന്തോഷവതിയായിരിക്കെ ഞാനെന്റെ സ്നേഹം നിന്നെ അറിയിക്കും.

നീ ഉമ്മവച്ചുമ്മവച്ചുണക്കിയ മുറിവുകളിൽ
ജീവൻ മൊട്ടിട്ടുതുടങ്ങിയത് നിനക്കന്ന് ഞാൻ കാട്ടിത്തരും.

ഇന്ന് എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഒന്നുറങ്ങണമീ രാത്രി.

No comments:

Post a Comment