പോകാൻ മറ്റൊരിടവുമില്ലാത്തതുകൊണ്ട് ,ഒരു തടവിലെന്നവണ്ണം നിരാശ്രയായല്ല ; പകരം നിന്റെ സ്നേഹത്തിലേക്കല്ലാതെ, നിന്റെ കരുതലിലേക്കല്ലാതെ മറ്റൊരിടത്തേക്കും നിനക്ക് ചുറ്റിലുമുള്ളവർക്ക് പോകാനില്ലെന്ന ആത്മവിശ്വാസത്തോടെ, അധികാരത്തോടെ അവരെ കാത്തിരിക്കുക.
ഈ പ്രപഞ്ചത്തിലൊരിത്തിരിയിടം നിന്റെ നിർമ്മിതികൾക്കായ് ദൈവം മാറ്റിവെച്ചതാണിവിടം എന്നുറപ്പിക്കുക. അവിടത്തെ കുഞ്ഞുജീവനുകൾ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.
കെണിയിലകപ്പെട്ടവയുടെ പ്രാണഭയത്തോടെയുള്ള അന്വേഷണങ്ങളാവരുതവിടെ, പകരം അതിശാന്തമായൊരു തപസ്സാകണമത്.

കാത്തിരിക്കുന്നവളേ, നിനക്കുചുറ്റും ഭ്രമണം ചെയ്യുകയാണ്‌ ഒരു വീട്.
സമയമില്ലെന്ന പരാതി മാത്രം പറഞ്ഞ് ശീലിച്ചവർക്ക് എല്ലാ അക്കങ്ങളും സൂചികളും നിറഞ്ഞ ചലനമവസാനിപ്പിക്കാത്തൊരു ഘടികാരം.
സമയം തീർന്നുപോകാത്തയൊരിടം! 

ഈ പറഞ്ഞതത്രയും നിന്റെ ചങ്ങലകളെക്കുറിച്ചുള്ള വർണ്ണനകൾ മാത്രമാണെന്ന്,
നീ ഉറപ്പിച്ചുവെങ്കിൽ 
പ്രിയപ്പെട്ടവളേ അത്രമേൽ നൊന്തുപോയിരിക്കുന്നു നീ.
അത്രമേൽ പ്രഹരമേറ്റിരിക്കുന്നു  നിനക്ക്.

   
എപ്പോൾ വേണമെങ്കിലും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് തുറക്കാവുന്ന വാതിൽ പണികഴിപ്പിച്ചിട്ടുണ്ട് ഒരോ ജീവിതത്തിലും.

വാതിൽ തുറക്കുക.
യാത്ര തുടങ്ങുക.
നീയല്ലാതെ മറ്റൊരാളും നിന്നെ കീഴടക്കില്ല.

No comments:

Post a Comment