തന്റെ രാജ്യത്തേക്ക് തിരിച്ചു പോകാൻ കഴിയാത്ത വൃദ്ധയായ എന്റെ അയല്ക്കാരി, എന്റെ രാജ്യത്തിന്റെ നന്മകളെക്കുറിച്ച് പറയുന്നു, നാട്ടിലുള്ള  ബന്ധുജനങ്ങളുടെ സൗഖ്യം അന്വേഷിക്കുന്നു, അവരുടെ ദൈവത്തോട് ഞങ്ങളുടെ അച്ഛനമ്മമാരുടെ ക്ഷേമത്തിനപേക്ഷിക്കുന്നു.


മുന്നറിയിപ്പ് തരികയാണെന്ന മട്ടിൽ വരുന്ന ചിലർ നമുക്ക് കാഴ്ചകൾ വില്ക്കുന്നു.
" ഞങ്ങൾ അതിശാന്തരും ദയവുള്ളവരും എന്നാൽ  ഒരാൾക്കൂട്ടമവിടെയുണ്ട്,അവർ നിങ്ങളോട് ഇങ്ങനെയാകും പെരുമാറുക " എന്ന് പറഞ്ഞു നമ്മളെ പ്രഹരിക്കുന്നു.
നമുക്ക് മുറിവേല്ക്കുന്നു; വേദനിക്കുന്നു.


അവർ പറയുന്നു: ചിലർ, “....ഈ വാക്കുകൾ... ” പറഞ്ഞ് മനസ്സുകളെ വ്രണപ്പെടുത്തുന്നു എന്ന്.
അവർ  “....ഈ വാക്കുകൾ... ” ആവർത്തിക്കുന്നു.
വ്രണപ്പെടുക തന്നെയാണ്‌;
അവർ അത് ആവർത്തിച്ചില്ലെങ്കിൽ അതിനെക്കുറിച്ച് അറിയാതെ പോകുമായിരുന്ന നൂറായിരം മനസ്സുകളെ.
മുറിവേല്ക്കുകയാണ്‌ അകലെ എവിടെയൊക്കെയോ സൗഖ്യത്തോടെ കഴിഞ്ഞിരുന്ന ചിലർക്ക്.
ചിലപ്പോൾ തലമുറകൾ കൈമാറിയേക്കാവുന്ന, ആഴത്തിലുള്ള , ഉണങ്ങാതെ പോയേക്കാവുന്ന മുറിവുകൾ.

“....ഈ വാക്കുകൾ... ” പറഞ്ഞവർ,
അങ്ങിനെ പറഞ്ഞല്ലോ എന്ന് അത് ആവർത്തിക്കുന്നവർ..
അവർ നമുക്ക് കാഴ്ചകൾ വില്ക്കുന്നു.
വിലകൊടുത്ത് നമ്മൾ മുറിവുകൾ വാങ്ങുന്നു.
ആ കാഴ്ച ജീവിതത്തിന്റെ പങ്കിട്ടെടുക്കലല്ല;  ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വികലമായ ചിന്തകളുടെ കൈമാറ്റമാണ്‌.
അവരിൽ പാപികളായവർ വിഷം പുരട്ടിയ വാക്കുകൾ നമ്മുടെ ചിന്തകളിലേക്കെറിയുന്നു.
അശാന്തരാകുകയാണ്‌ എത്രയോ പേർ...


ഞാനത് സ്വീകരിക്കില്ല.
അതിനർത്ഥം ഞാൻ ആ വാക്കുകൾ മറ്റൊരാളിലേക്കും കൈമാറ്റം ചെയ്യാനാഗ്രഹിക്കുന്നില്ല എന്നാണ്‌.
ജാഗരൂകരായിരിക്കുക എന്നതിനർത്ഥം, നമ്മുടെ ഭൂപടങ്ങളിൽ ചാവേറുകളെ അടയാളപ്പെടുത്തുക എന്നതല്ല; നമ്മുടെ ചുറ്റിലും ചേർന്നു നില്ക്കുന്ന സ്നേഹിതരേയും സഹോദരന്മാരേയും തിരിച്ചറിയുക എന്നതാണ്‌.

No comments:

Post a Comment