ഓരോ വാക്കും നമ്മൾ സ്വായത്തമാക്കിയത് ഒരാളേപ്പോലും വേദനിപ്പിക്കാനല്ല; ഒരാളെപ്പോലും വ്യക്തിപരമായ് അധിക്ഷേപിക്കാനല്ല.
ഒരോരുത്തർക്കും ഹൃദയപൂർവ്വം കൈമാറുകയാണത്- സ്നേഹം നിറഞ്ഞ വാക്കുകൾ.

നാം പൂർണ്ണമായ് വിശ്വസിക്കുന്ന ഒരു കാര്യം, തികഞ്ഞ സംതൃപ്തിയോടെ പറയുമ്പോൾ അല്ലെങ്കിൽ എഴുതി വയ്ക്കുമ്പോൾ മറ്റുള്ളവർ എങ്ങനെ അത് സ്വീകരിയ്ക്കുമെന്ന് ഓർത്ത് നമ്മൾ അക്ഷമരാകില്ല. അവരുടെ അവഗണന നമ്മളെ അസ്വസ്ഥപ്പെടുത്തില്ല. അവരുടെ അഭിനന്ദനങ്ങൾ നമ്മെ അതിരറ്റ് ആഹ്ലാദിപ്പിക്കില്ല.
ഇരു ചെവികളിലൂടെയും നമ്മൾ ആ ശബ്ദം കേൾക്കും; പക്ഷേ  ശരീരം മുഴുവൻ ചെവികളുമായ് നമുക്ക് ജീവിക്കാൻ കഴിയില്ല.
ഭൂതകാലത്തിലേക്ക് ഏറെ നേരം നോക്കിയിരിക്കാൻ നമുക്കാവില്ല; നമ്മുടെ കണ്ണുകൾ നമ്മുടെ തലയ്ക്ക് പുറകിലല്ല.
എല്ലാ കോശങ്ങളിലൂടെയും നമ്മൾ ഈ ലോകത്തെ അറിയുന്നുണ്ട്. സ്നേഹസാമീപ്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്.
വേദനകൾ പങ്കുവയ്ക്കുന്നുണ്ട്.
അസാന്നിധ്യങ്ങൾ നമ്മെ തപിപ്പിക്കുന്നുണ്ട്.
സ്നേഹമെന്താണെന്ന് അറിയുകയാണ്‌ നമ്മൾ, സഹനത്തിന്റെ പാഠം പഠിക്കുകയും. 

No comments:

Post a Comment